പ്രിയപുത്രനെ ഒരു നോക്കുകാണാൻ ചെറുവത്തൂർ കാത്തിരിക്കുന്നു
text_fieldsചെറുവത്തൂർ: പ്രിയപുത്രൻ അശ്വിനെ അവസാനമായി ഒന്നു കാണാൻ ചെറുവത്തൂരിലെ കിഴക്കേമുറി ഗ്രാമം കാത്തിരിപ്പായി. അരുണാചല്‍ പ്രദേശിലുണ്ടായ സൈനിക ഹെലികോപ്ടർ അപകടത്തില്‍ മരിച്ച കാട്ടുവളപ്പില്‍ അശോകന്റെ മകന്‍ കെ.വി. അശ്വിനെ (24) കാണാനാണ് നാട് കണ്ണീരണിഞ്ഞ് കാത്തു നിൽക്കുന്നത്.
കിഴക്കേമുറി പ്രദേശത്തെ കലാ-കായിക -സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന അശ്വിന്റെ ആകസ്മിക വേർപാടിൽ ഈ പ്രദേശം തരിച്ചുനിൽക്കുകയാണ്. വിക്ടർ കിഴക്കേമുറിയുടെ കബഡി താരമാണ് അശ്വിൻ. ഒപ്പം കിഴക്കേമുറി പൊതുജന വായനശാലയുടെ സജീവ പ്രവർത്തകനുമാണ്.
കഴിഞ്ഞ അവധിക്ക് നാട്ടിലെത്തിയപ്പോൾ സെപ്റ്റംബർ ഒമ്പതിനു നടന്ന ഓണ പരിപാടിയിലെ മുഖ്യ സംഘാടകനുമായിരുന്നു. നവംബറിൽ അവധിക്ക് നാട്ടിൽ വരാനിരിക്കെയാണ് മരണം. കാസർകോട് ഗവ. കോളജിൽ ബി.എസ് സി ഫിസിക്സിന് പഠിക്കുമ്പോൾ നാലു വർഷം മുമ്പാണ് സൈന്യത്തിൽ നിയമനം ലഭിച്ചത്.
വിശാലമായ സൗഹൃദത്തിന് ഉടമ കൂടിയാണ് അശ്വിൻ. ഞായറാഴ്ച നാട്ടിലെത്തിക്കുന്ന മൃതദേഹം കിഴക്കേമുറി പൊതുജന വായനശാലയിലും വീട്ടിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് സൈനിക ബഹുമതികളോടെ വീട്ടുപറമ്പിൽ സംസ്കരിക്കും.
അപ്പര്‍ സിയാങ് ജില്ലയിലെ മിഗ്ഗിങ് ഗ്രാമത്തിലെ വനമേഖലയിലാണ് ഹെലികോപ്ട തകര്‍ന്നുവീണതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പിതാവിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. അഞ്ച് സൈനികരാണ് ഹെലികോപ്ട റില്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്ടറാണ് തകര്‍ന്നുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.