ചീമേനി തുറന്ന ജയിലിൽ പുതിയ ബാരക്ക് ഒരുങ്ങി; ഉദ്ഘാടനം ഇന്ന്
text_fieldsചെറുവത്തൂർ: ചീമേനി തുറന്ന ജയിലിൽ പുതിയ ബാരക്ക് ഒരുങ്ങി. ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈവിധ്യമാർന്ന പദ്ധതികളിലൂടെയും നിരവധി തൊഴിലവസരങ്ങളിലൂടെയും അന്തേവാസികളെ ഏകോപിപ്പിച്ച് അധിവസിപ്പിക്കുന്ന ചീമേനി ജയിലിനായി നിർമിച്ച പുതിയ ബാരക്ക് അന്തേവാസികൾക്ക് വലിയ ഉപകാരമാകും.
3.8 കോടി രൂപ ചെലവിലാണ് ജയിലിൽ പുതിയ ബാരക്ക് കെട്ടിടം ഒരുക്കിയത്. 164 തടവുകാർ നിലവിലുള്ള ചീമേനി ജയിലിൽ പുതിയ കെട്ടിടം തുറന്നുകിട്ടുന്നതോടെ അതിന്റെ ഇരട്ടിയോളം പേരെ പാർപ്പിക്കാൻ കഴിയും. നിലവിലുള്ളതിൽ കൂടുതൽ നിർമാണ യൂനിറ്റുകൾ തുടങ്ങുന്നതിന് കെട്ടിടവും പുതിയ തടവുകാരും സഹായകമാകും.
കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ള തടവുകാർ ഉള്ളപ്പോൾ തുറന്ന ജയിലിലെ പദ്ധതികളെല്ലാം വീണ്ടും തളിർക്കുമെന്ന് തീർച്ച. പാറക്കെട്ടുകൾ ഉഴുതുമറിച്ചായിരുന്നു ആദ്യം കൃഷി ആരംഭിച്ചത്. 1500 നേന്ത്ര, പൂവൻ വാഴകൾ, നാലേക്കറിൽ മഞ്ഞൾ, രണ്ടേക്കറിൽ ചേന, 1200 ചുവട് കപ്പ, പത്ത് ഏക്കറിൽ കരനെൽ കൃഷി, ആറേക്കറിൽ തീറ്റപ്പുൽ, നൂറ് ആട്, 60 പശു, 33 പന്നി, കോഴിഫാം എന്നിവയെല്ലാം അന്തേവാസികളുടെ അധ്വാനത്തിന്റെ ഫലമാണ്.
ബിരിയാണി, ചപ്പാത്തി, പെട്രോൾ പമ്പ്, ചെങ്കൽപ്പണികൾ, ബ്യൂട്ടി പാർലറുകൾ എന്നിവയും പ്രവർത്തിക്കുന്നു. ഇവിടെ നിന്ന് ശിക്ഷാകാലാവധി കഴിഞ്ഞു പുറത്തിറങ്ങുന്നയാൾ നല്ലൊരു കൃഷിക്കാരനോ പാചകക്കാരനോ ബ്യൂട്ടീഷ്യനോ ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.