പൂട്ടിയ മദ്യവിൽപന കേന്ദ്രം ചീമേനിയിൽ തുറക്കും
text_fieldsചെറുവത്തൂർ: ചെറുവത്തൂരിൽ ഒറ്റദിവസംകൊണ്ട് പൂട്ടിയ കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപന കേന്ദ്രം ചീമേനിയിൽ തുറക്കും. പകരം ബെവ്കോയുടെ പുതിയ മദ്യവിൽപന കേന്ദ്രം ചെറുവത്തൂരിൽ തുറക്കും. ഇതിന് സി.പി.എം നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായാണ് സൂചന. ചെറുവത്തൂരിൽ നേരത്തെ പൂട്ടിയിട്ട കെട്ടിടത്തിൽതന്നെയാണ് പുതിയ വിൽപന കേന്ദ്രവും തുടങ്ങുന്നത്. ഇതിന്റെ ഭാഗമായി കെട്ടിട ഉടമ മാധവൻ നായരിൽനിന്ന് ബെവ്കോ അധികൃതർ സമ്മതപത്രം ഒപ്പിട്ട് വാങ്ങി.
കഴിഞ്ഞ നവംബർ 22നാണ് ചെറുവത്തൂരിൽ ആദ്യമായി കൺസ്യൂമർ ഫെഡ് മദ്യവിൽപന കേന്ദ്രം തുടങ്ങുന്നത്. റെയിൽവേ സ്റ്റേഷൻ റോഡിലുള്ള കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. തുറന്ന ദിവസം വൈകീട്ടുതന്നെ കേന്ദ്രത്തിന് പൂട്ടുവീഴുകയായിരുന്നു. ഒമ്പതുലക്ഷത്തിലധികം രൂപ ഉദ്ഘാടന ദിവസത്തിൽ വരുമാനമുണ്ടായ മദ്യവിൽപന കേന്ദ്രം പൂട്ടിയത് ഫോൺ വഴി വന്ന സന്ദേശത്തിലൂടെയാണെന്ന വിവരവും തുടർന്ന് പാർട്ടിയെ ലക്ഷ്യംവെച്ചുണ്ടായ ആരോപണങ്ങളും ലോക്സഭ തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു.
ഇടതുസ്ഥാനാർഥിക്ക് പ്രദേശത്തെ പാർട്ടി കേന്ദ്രങ്ങളിൽനിന്നുവരെ വലിയ തോതിൽ വോട്ട് കുറഞ്ഞതോടെ ഈ വിഷയത്തെ നേതൃത്വം ഗൗരവമായി പരിഗണിച്ചു. തെരഞ്ഞെടുപ്പിനുശേഷം നടന്ന പാർട്ടി അവലോകന യോഗങ്ങളിൽ ബ്രാഞ്ച് തലങ്ങളിൽപോലും മദ്യവിൽപന കേന്ദ്രം പൂട്ടിയതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യപ്പെട്ടതായാണ് വിവരം. ഇതാണ് ഇപ്പോൾ പാർട്ടി നേതൃത്വത്തെ മദ്യ വിൽപനകേന്ദ്രം ചെറുവത്തൂരിൽ വേണമെന്ന നിലപാടിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഇതിനിടെ, വരാനിരിക്കുന്ന മദ്യവിൽപന കേന്ദ്രത്തിനെതിരെയുള്ള സമരം ചീമേനിയിൽ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.