കോവിഡ് ചതിച്ചപ്പോൾ പിടിച്ചുനിൽക്കാൻ മീൻ വിൽപന
text_fieldsചെറുവത്തൂർ: കോവിഡ് ചതിച്ച താരങ്ങളാണിവർ. ഒടുവിൽ വീടിെൻറ പട്ടിണി മാറ്റാൻ ഉപജീവനമാക്കിയത് മീൻ വിൽപന. ഈ വർഷത്തെ ഫോക്‌ലോർ അക്കാദമി ജേതാവ് സുരേഷ് പള്ളിപ്പാറയും സുഹൃത്ത് പിലിക്കോട്ടെ ടി.വി. വത്സരാജുമാണ് മീൻ വിൽപനക്കിറങ്ങിയത്. സംസ്ഥാനത്ത് തന്നെ ശ്രദ്ധേയനായ നാടൻപാട്ട് കലാകാരനാണ് സുരേഷ് പള്ളിപ്പാറ.
കലാഭവൻ മണിയുടെ അതേ ശബ്ദത്തിൽ പാടുന്നതാണ് സുരേഷിനെ ശ്രദ്ധേയനാക്കിയത്. നിരവധി ഗ്രൂപ്പുകൾക്കുവേണ്ടി നൂറോളം വേദികളിലും നിരവധി ചാനലുകളിലും നാടൻപാട്ട് അവതരിപ്പിച്ചിരുന്നു. ഇതുതന്നെയായിരുന്നു ജീവിതമാർഗവും. സുരേഷ് പള്ളിപ്പാറക്ക് നാടൻ കലാ അക്കാദമിയുടെ 2019ലെ ഫെലോഷിപ്പും 2020ലെ അവാർഡും ലഭിച്ചിരുന്നു. എന്നാൽ, കോവിഡ് പ്രതീക്ഷകൾ തെറ്റിച്ച് വരുമാനമാർഗം അടച്ചപ്പോൾ ജീവിക്കാൻ മീൻ വിൽപനക്കിറങ്ങുകയായിരുന്നു. കൂടെ കൂട്ടുകാരനായ ടി.വി. വത്സരാജനാണ് ഉള്ളത്.
കാലിക്കടവിൽ നല്ലരീതിയിൽ പ്രവർത്തിച്ചുവന്ന യൂസ്ഡ് ബൈക്ക് ഷോറൂമിെൻറ ഉടമസ്ഥനാണ്. എന്നാൽ, കോവിഡിനെ തുടർന്ന് കഴിഞ്ഞ ആറു മാസമായി കച്ചവടമില്ല. കട അടച്ചിടേണ്ട അവസ്ഥയിലാണ്. നിരവധി വാട്സ്ആപ് ഗ്രൂപ്പുകളുടെ അഡ്മിനായി പ്രവർത്തിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്നു.
മടക്കരയിൽനിന്ന് ലേലം വിളിച്ചെടുക്കുന്ന മത്സ്യം ഓട്ടോയിലാണ് കൊണ്ടുപോകുന്നത്. ചീമേനി, ചെമ്പ്ര കാനം, തിമിരി, തച്ചർണപ്പൊയിൽ, വെള്ളച്ചാൽ, കാലിക്കടവ്, ചൂരിക്കൊവ്വൽ, പിലിക്കോട് എന്നീ പ്രദേശങ്ങളിലെത്തിയാണ് വിൽപന നടത്തുന്നത്. രാവിലെ മുതൽ സന്ധ്യവരെ അധ്വാനിച്ചാൽ അന്നത്തെ ജീവിതച്ചെലവ് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.