ചീമേനിയിൽ സി.പി.എം വ്യാപക കള്ളവോട്ട് ചെയ്തെന്ന്: റീപോളിങ് ആവശ്യവുമായി യു.ഡി.എഫ്
text_fieldsചെറുവത്തൂർ: കയ്യൂർ - ചീമേനി പഞ്ചായത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്തതായി യു.ഡി. എഫ്. റീപോളിങ് നടത്തണമെന്ന ആവശ്യമാണ് യു.ഡി.എഫ് ഉന്നയിക്കുന്നത്. പഞ്ചായത്തിലെ ബൂത്ത് നമ്പർ 36, 37 എന്നിവയിലാണ് കള്ളവോട്ട് നടന്നത്. ഗൾഫിലുള്ള 11 ആൾക്കാരുടെയും ഒരു മർച്ചൻറ് നേവിക്കാരെൻറയും വോട്ടുകളാണ് സി.പി.എം ചെയ്തതായി യു.ഡി.എഫ് ആരോപിക്കുന്നത്.
ഇതിന് വ്യക്തമായ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് വരണാധികാരി മുമ്പാകെ പരാതിയും ബോധിപ്പിച്ചിട്ടുണ്ട്. ഗൾഫിലുള്ളവരുടെ തിരിച്ചറിയൽ രേഖകൾ ബന്ധുക്കളെ സ്വാധീനിച്ച് സംഘടിപ്പിച്ചാണ് എൽ.ഡി.എഫ് പ്രവർത്തകർ വോട്ട് രേഖപ്പെടുത്തിയത്. പതിമൂന്നോളം പേരുടേത് രണ്ട് ബൂത്തിൽ മാത്രം കണ്ടെത്തി. ഇങ്ങനെ കയ്യൂർ-ചീമേനി പഞ്ചായത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നാണ് യു.ഡി.എഫ് നേതൃത്വത്തിെൻറ ആരോപണം.
പ്രിസൈഡിങ് ഓഫിസറെയും മറ്റ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയാണ് പാർട്ടി ഭൂരിപക്ഷ പ്രദേശങ്ങളിൽ എൽ.ഡി.എഫ് കള്ളവോട്ട് ചെയ്തത്. തുടക്കത്തിൽ ഏജൻറുമാർ എതിർത്തുവെങ്കിലും അവരെയും ഇടതു ഏജൻറുമാർ നിശ്ശബ്ദരാക്കിയ ശേഷമാണ് വോട്ട് ചെയ്തത്. ഈ ബൂത്തിലെ വെബ്കാമറ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നതാണ് യു.ഡി.എഫിെൻറ ആവശ്യം.
സ്ലിപ് കൊടുത്ത ബി.എൽ.ഒ, വോട്ടർമാരെ താരതമ്യം ചെയ്ത പോളിങ് ഓഫിസർ, വോട്ടറാണ് എന്ന് സമർഥിച്ച ഏജൻറുമാർ ഇവർക്കെതിരെ നടപടിക്ക് വേണ്ടിയാണ് യു.ഡി.എഫ് റിട്ടേണിങ് ഓഫിസർക്ക് പരാതി സമർപ്പിച്ചത്. വോട്ടെണ്ണുന്ന വേളയിൽ മാത്രമേ കള്ളവോട്ട് ചെയ്തുവോ എന്ന കാര്യം പരിശോധിക്കാൻ കഴിയൂവെന്നതാണ് അധികൃതരുടെ മറുപടി.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം
ചെറുവത്തൂർ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്തതായി കണ്ടെത്തി റീ പോളിങ് നടന്ന പ്രദേശമാണ് കയ്യൂർ-ചീമേനി. ഈ പഞ്ചായത്തിലെ കൂളിയാട് ഗവ. ഹൈസ്കൂളിലെ 46,47 ബൂത്തുകളിലാണ് കള്ളവോട്ട് ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്ന് റീ പോളിങ് നടന്നത്. അന്ന് യു.ഡി.എഫിെൻറ ആരോപണത്തെ തുടർന്ന് കാമറ പരിശോധിച്ചാണ് കുറ്റക്കാരെ കണ്ടെത്തിയത്. ഈ സംഭവത്തിൽ കേസുമെടുത്തിരുന്നു. വീണ്ടും കള്ളവോട്ടിലൂടെ കയ്യൂർ-ചീമേനി പഞ്ചായത്ത് ശ്രദ്ധേയമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.