ഗ്രാമീണ കൂട്ടായ്മയുടെ ഓർമകളുണർത്തി സൈക്കിൾ യജ്ഞം
text_fieldsചെറുവത്തൂർ: ഉദിനൂരിന്റെ നാട്ടുകൂട്ടത്തെ പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സൈക്കിൾ യജ്ഞകാലം തുടങ്ങി.മൈസൂരു ചാമുണ്ഡേശ്വരി സ്വദേശി സുരേഷും സംഘവുമാണ് നാടിന് ആവേശം പകരാൻ ഉദിനൂരിൽ എത്തിയത്. ചെറിയൊരു സ്റ്റേജിനു മുന്നിലായി മൈക്കുനാട്ടിയ കാലിനുചുറ്റും യജ്ഞക്കാരൻ സൈക്കിൾ ഓടിച്ചുകൊണ്ടേയിരിക്കും.
കറങ്ങിക്കൊണ്ടിരിക്കുന്ന സൈക്കിളിലൂടെ കാണികളുടെ നെഞ്ചിടിപ്പ് കൂട്ടിക്കൊണ്ട് മെയ്‍വഴക്കത്തോടെ അഭ്യാസ പ്രകടനങ്ങൾ. യജ്ഞം തീരുന്നതുവരെ സൈക്കിളിൽനിന്ന് കാലുകുത്താൻ പാടില്ല. രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന പ്രകടനത്തിൽ ആട്ടവും പാട്ടും കൺകെട്ടും ഒക്കെ വിഭവങ്ങളാണ്.
പ്രകടനംകണ്ട് മനസ്സുനിറഞ്ഞ കാണികൾ നൽകുന്ന നാണയത്തുട്ടുകളും പ്രോത്സാഹനവുമാണ് ഇവരുടെ വരുമാനം. 'സംഭാവന കൂമ്പാരമായാൽ പരിപാടി ഗംഭീര'മാകുമെന്ന അറിയിപ്പുകളുമായി സംഭാവന നൽകാൻ കാണികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും.
കാണികളിൽനിന്നും സമ്മാനമായി ലഭിക്കുന്ന സാധനങ്ങളുടെ ലേലം വഴിയുള്ള വിൽപനയും പഴയ ജനതയുടെ രസകരമായ ഓർമകളായിരുന്നു. പഴയ മലയാളം, തമിഴ്, ഹിന്ദി സിനിമകളിൽ നിന്നുള്ള ഗാനങ്ങളിട്ട് അതിനനുസരിച്ച് താളം ചവിട്ടുന്ന കലാകാരന്മാരാണ് പ്രത്യേകത.
പുതുതലമുറക്ക് ഏറക്കുറെ അപരിചിതമായ സൈക്കിൾ അഭ്യാസം ചിലർക്ക് പഴമയിലേക്കുള്ള തിരിച്ചുപോക്കാണ്. തട്ടുപൊളിപ്പൻ പാട്ടിനൊപ്പം ആടാനും സാഹസിക പ്രകടനങ്ങൾ ആസ്വദിക്കാനും ഉദിനൂരിലെ ഗ്രാമീണജനത ഒന്നാകെയെത്തി. മൂന്നു ദിവസങ്ങളിലായുള്ള പ്രകടനം ചൊവ്വാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.