മത്സ്യ വിൽപനയെച്ചൊല്ലി മടക്കരയിൽ തർക്കം പതിവ്
text_fieldsചെറുവത്തൂർ: മത്സ്യവിൽപനയെച്ചൊല്ലി മടക്കരയിൽ തർക്കം പതിവായി. തുറമുഖത്ത് തർക്കവും കലഹവും ഇപ്പോൾ പതിവാണ്. അധികൃതർ ഏർപ്പെടുത്തിയ വിലക്ക് മറികടന്ന് മീൻവിൽപനത്തൊഴിലാളികൾ ലേലപ്പുരയിലെത്തി മീൻ ശേഖരിച്ചു. എന്നാൽ, ഫിഷറീസ് അധികൃതർക്കും പൊലീസിനും നിയന്ത്രിക്കാനായില്ല.
കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട തുറമുഖം തുറന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ. വീണ്ടും കോവിഡ് വ്യാപനത്തിലേക്ക് നയിക്കുംവിധത്തിൽ വൻ ആൾക്കൂട്ടമാണ് ഇവിടേക്ക് എത്തുന്നത്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ കഴിഞ്ഞദിവസങ്ങളിൽ ബോട്ടുകളും വള്ളങ്ങളും കടലിൽ പോയിരുന്നില്ല. ബുധനാഴ്ച മുതലാണ് മീൻപിടിക്കാനിറങ്ങിയത്. 25 മീൻവിൽപനത്തൊഴിലാളികൾക്ക് മാത്രം തുറമുഖത്തേക്ക് പ്രവേശനം നൽകി.
ബാക്കിയുള്ളവർക്ക് ഗേറ്റിന് പുറത്ത് നിൽക്കേണ്ടിവന്നു. മൊത്തക്കച്ചവടക്കാർക്കും ചെറുകിട കച്ചവടക്കാർക്കും ഇടനിലക്കാർക്കും തുറമുഖത്ത് ഇടപെടുന്നതിന് തടസ്സമുണ്ടായില്ല. ഈ അവസരം ചെറുകിട കച്ചവടക്കാരും ലേലക്കാരും മുതലാക്കി. തുറമുഖത്തുനിന്ന് 1500 രൂപക്കെടുത്ത ഒരു പെട്ടി മീനിന് ഗേറ്റിന് പുറത്തെത്തിച്ച് വിൽപനത്തൊഴിലാളികൾക്ക് കൈമാറുമ്പോൾ 2500 രൂപക്കുമേൽ ഈടാക്കിയെന്നാണ് ആക്ഷേപം.കോവിഡ് പലരുടെയും വരുമാന മാർഗങ്ങൾ അടച്ചപ്പോൾ മത്സ്യ വിൽപനയാണ് പലരും ആശ്രയിക്കുന്നത്. അതിനാൽ മുമ്പുള്ളതിനേക്കാൾ ഇരട്ടി ആവശ്യക്കാർ മത്സ്യം തേടി പുലർച്ച മുതൽ മടക്കരയിൽ എത്തുന്നുണ്ട്. ഇതും ആൾക്കൂട്ടം വർധിക്കാനും അനുബന്ധ പ്രശ്നങ്ങൾക്കും ഇടയാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.