കൊടും ചൂട്: കടൽ മത്സ്യം കുറഞ്ഞു; പുഴമത്സ്യത്തിന് ആവശ്യക്കാരേറി
text_fieldsചെറുവത്തൂർ: ഏപ്രിലിലെ കനത്തചൂടിൽ കടലിൽ മത്സ്യങ്ങൾ നന്നേ കുറഞ്ഞു. ഇതിനെ തുടർന്ന് പുഴമത്സ്യത്തിന് ആവശ്യക്കാരേറി. കടലിൽ പോയുള്ള മത്സ്യബന്ധനം കാര്യമായി കുറഞ്ഞു. നാമമാത്രമായ ബോട്ടുകളാണ് ജില്ലയുടെ പലഭാഗങ്ങളിൽനിന്നുമായി കടലിൽ പോവുന്നത്.
ചെറുവള്ളങ്ങളിലും മറ്റും പുഴയിൽപോയി മത്സ്യബന്ധനം നടത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. വേനൽ കടുത്തതോടെ കടലിൽപോകുന്ന ബോട്ടുകൾക്കും ചെറുവള്ളങ്ങൾക്കും മീൻലഭ്യത കുറഞ്ഞു. ഡീസലിന് വില ഏറെ വർധിച്ചതോടെ ചെലവിനുള്ള തുകപോലും ലഭിക്കുന്നില്ല എന്ന് ബോട്ട് ഉടമകളും തൊഴിലാളികളും പറയുന്നു. പലരും ബോട്ടും വള്ളവും ഇറക്കാത്ത അവസ്ഥയാണ്. ചൂടിൽ മറ്റ് തൊഴിൽമേഖലയിലുള്ളവരെപോലെ ദുരിതത്തിലായത് മത്സ്യത്തൊഴിലാളികളുമാണ്.
അതേസമയം, പുഴയിലെയും കായലിലേയും മത്സ്യബന്ധനം നടത്തുന്ന വള്ളക്കാർക്കും മീൻലഭ്യത കുറഞ്ഞു. കടൽമത്സ്യം കിട്ടാതായതോടെ പുഴമത്സ്യം തേടി നിരവധിയാളുകൾ എത്തുന്നുണ്ട്. കടലിലുണ്ടായ പ്രതിഭാസവും വേനൽമഴ ലഭിക്കാത്തതുമാണ് മത്സ്യം ലഭിക്കുന്നതിന് തടസ്സമായതെന്ന് തൊഴിലാളികളും ബോട്ടുടമകളും പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം കാരണം മീൻലഭ്യത ഏറെ കുറഞ്ഞിരിക്കുന്നു. കടലിൽ പോയി തിരിച്ചുവരുമ്പോഴുള്ള ചെലവും മീൻലഭ്യതയും തട്ടിച്ചുനോക്കിയാൽ നഷ്ടമാണ്. ഡീസലിന്റെ വില കേന്ദ്രസർക്കാർ വർധിപ്പിച്ചത് ഏറെ തിരിച്ചടിയായി. ബോട്ട് ഇറക്കാൻപോലും പറ്റാത്ത സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.