ഭക്ഷ്യവിഷബാധ: 40ഓളം കുട്ടികൾ ചികിത്സതേടി
text_fieldsചെറുവത്തൂർ: ഭക്ഷ്യവിഷബാധയെ തുടർന്ന് 40ഓളം കുട്ടികൾ ചികിത്സതേടി. ചെറുവത്തൂർ തിമിരിയിലെ രണ്ട് വിദ്യാലയങ്ങളിൽ നിന്നുള്ള കുട്ടികളാണ് ചെറുവത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയത്. ഇതിൽ ഒരു വിദ്യാർഥിയെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂൾ, തിമിരി എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കുട്ടികൾക്ക് ഛർദി, തലചുറ്റൽ എന്നിവ അനുഭവപ്പെട്ടു. ഭക്ഷ്യവിഷബാധയുടെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ല. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം നടത്തുന്ന ഫാം ഫെസ്റ്റിൽ പങ്കെടുത്ത തിമിരി ഹൈസ്കൂളിലെ കുട്ടികളാണ് ഭക്ഷ്യ വിഷബാധയേറ്റവരിൽ ഭൂരിഭാഗവും. ഫാമിനുള്ളിൽ വിൽപനക്കുണ്ടായിരുന്ന ഉപ്പിലിട്ട നെല്ലിക്ക വിദ്യാർഥികൾ കഴിച്ചിരുന്നു.
സംഭവം അറിഞ്ഞയുടൻ മെഡിക്കൽ ബോർഡ് പ്രത്യേക യോഗം ചേർന്നു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ: ടി.എ. രാജ്മോഹൻ, ഡോ. സബീറ, ഡോ. ജെന്നി വർഗീസ്, ഡോ. രഞ്ജിത്ത്, ഡോ.ബ്ലസൻ തോമസ് എന്നിവരും ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. മധു, കെ. രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. മഹേഷ്കുമാർ, സി.വി.സുരേശൻ, ജെ.പി.എച്ച്.എൻ എ.ലേഖ, ലാബ് ടെക്നീഷ്യൻ അനിൽകുമാർ എന്നിവർ അടിയന്തര യോഗം ചേർന്ന് ചികിത്സാകാര്യങ്ങൾ വിലയിരുത്തി. ആശുപത്രിയിൽ അടിയന്തര കൺട്രോൾ സെൽ തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.