ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധ; 262 പേർ ചികിത്സയിൽ
text_fieldsചെറുവത്തൂർ: ഭക്ഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയവരുടെ എണ്ണം 262 ആയി. കഴിഞ്ഞ ദിവസമാണ് വയറുവേദനയും ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികളടക്കം ചെറുവത്തൂർ ഗവ. ആശുപത്രിയിൽ ചികിത്സക്കെത്തിയത്.
തിമിരി കോട്ടുമൂലയിൽ നടന്ന ഉത്സവത്തിൽ പങ്കെടുത്തവരാണ് മുഴുവൻ പേരും. വിദ്യാർഥികളാണ് ആദ്യം ആശുപത്രിയിൽ എത്തിയത്. പിന്നാലെ യുവാക്കളും പ്രായമായവരും ചികിത്സക്ക് എത്തുകയായിരുന്നു. ഉത്സവ സ്ഥലത്തുനിന്ന് ഭക്ഷണം കഴിച്ചവരാണ് മുഴുവൻ പേരും. പുറത്ത് വിൽപന നടത്തിയ ഐസ്ക്രീം കഴിച്ചവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗം ഭക്ഷണങ്ങളുടെ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു.
ചികിത്സയിലുള്ളവരുടെ രക്തസാമ്പിളുകളും ശേഖരിച്ച് പരിശോധനക്ക് അയച്ചു. പരിശോധനാ ഫലം വന്നാലേ അണുക്കൾ ഏതാണെന്ന് തിരിച്ചറിയാൻ സാധിക്കൂ എന്ന് ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡി.ജി. രമേഷ് പറഞ്ഞു.
എല്ലാവരും നിരീക്ഷണത്തിലാണെന്നും ഗുരുതരമായ അവസ്ഥയില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചെറുവത്തൂർ ആശുപത്രിയിൽ അഞ്ച്, കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ 14, നീലേശ്വരം താലൂക്ക് ആശുപത്രിയിൽ ഒരാൾ, നീലേശ്വരം ബാലകൃഷ്ണൻ മെമ്മോറിയൽ ആശുപത്രിയിൽ ഒരാൾ, ചെറുവത്തൂർ യൂനിറ്റി ആശുപത്രിയിൽ എട്ടുപേർ എന്നിങ്ങനെയാണ് ചികിത്സയിലുള്ളത്. ബാക്കിയുള്ളവർ ഒ.പി വഴി ചികിത്സ തേടിയിരുന്നു.
ഡെപ്യൂട്ടി ഡി.എം.ഒ ഗീത ഗുരുദാസ് ചെറുവത്തൂർ ഗവ. ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി. ബേബി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാധവൻ മണിയറ, പഞ്ചായത്ത് പ്രസിഡൻറ് സി.വി. പ്രമീള തുടങ്ങി നിരവധി പേർ ചികിത്സയിലുള്ളവരെ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.