ഭക്ഷ്യവിഷബാധ: ചെറുവത്തൂരിൽ ഇനി കർശന പരിശോധന
text_fieldsചെറുവത്തൂർ: പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന കച്ചവടസ്ഥാപനങ്ങൾ ഹോട്ടലുകൾ, കൂൾബാർ തുടങ്ങിയ ഭക്ഷ്യപദാർഥങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കർശനമായി പരിശോധന നടത്തുന്നതിന് പഞ്ചായത്ത് യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഹാളിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, വ്യാപാരി സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരുടെയും പ്രത്യേകയോഗം ചേർന്നു . ഇന്ന് മുതൽ ഒരാഴ്ചക്കാലം പ്രത്യേക പരിശോധന നടത്തി റിപ്പോർട്ട് ചെയ്യുന്നതിനും ആരോഗ്യവിഭാഗം ഫീൽഡ് തല ഉദ്യോഗസ്ഥരെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി . ഭക്ഷണം പാചകം ചെയ്യുന്ന ഹോട്ടൽ ജീവനക്കാർക്ക് പ്രത്യേക ഹെൽത്ത് കാർഡ് തയാറാക്കി വിതരണം ചെയ്യുന്നതിനും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനവും ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു.
ഷവർമ പാചകം ചെയ്യുന്നതിന് സർക്കാർ ഏകീകൃത രീതി കൊണ്ടുവരുന്നതിന്റെ പശ്ചാത്തലത്തിൽ ഷവർമ വിൽപന താൽക്കാലികമായി നിർത്തിവെക്കാൻ ആവശ്യപ്പെടും. നിബന്ധനകൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിന് യോഗം നിർദേശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എ.കെ. മനോജ് കുമാർ , ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അടിയന്തര ഭക്ഷ്യസുരക്ഷ യോഗം വിളിച്ചു
കാസർകോട്: ഭക്ഷ്യസുരക്ഷയുടെ ഭാഗമായി ചെങ്കള ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണപ്രസാദ് ഇവരുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലെ ഹോട്ടൽ ഉടമസ്ഥരുടെ യോഗം വിളിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഖാഷിം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഖാദർബദ്രിയ യോഗം ഉദ്ഘാടനം ചെയ്തു. ഭക്ഷ്യവിഷബാധ എന്ന വിഷയത്തെ കുറിച്ച് ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ കെവിൻ ക്ലാസ് എടുത്തു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി സന്തോഷ് വർഗീസ് പറഞ്ഞു. ഹോട്ടൽ ശുചിത്വം എന്ന വിഷയത്തെ കുറിച്ച് മുളിയാർ ഹെൽത്ത് സൂപ്പർവൈസർ കുഞ്ഞി കൃഷ്ണൻ ബോധവത്കരണം നടത്തി. പഞ്ചായത്ത്, ആരോഗ്യം ഇവരുടെ നടപടി ക്രമങ്ങൾ അനുസരിച്ചു പ്രവർത്തിക്കാത്ത സ്ഥാപന ഉടമക്കെതിരെ നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ വിദ്യാനഗർ ജനമൈത്രി പൊലീസ് വേണുഗോപാൽ പറഞ്ഞു. ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ യോഗത്തിൽ തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.