യുവാക്കൾക്ക് സേനയിലേക്ക് വഴിതെളിച്ച് ബാലൻ പാലായി
text_fieldsചെറുവത്തൂർ: പൊലീസ്, എക്സൈസ് തുടങ്ങിയ യൂനിഫോം തസ്തികകളിലേക്ക് ബാലൻ പാലായി സമ്മാനിച്ചത് മുന്നൂറോളം പേരെ. കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ 10 വർഷമായി സൗജന്യമായി കായിക പരിശീലനം നൽകിവരുകയാണ് 66കാരനായ ബാലൻ പാലായി.
കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽനിന്നായി നിരവധിപേരാണ് ബാലന്റെ ശിഷ്യത്വം തേടിയെത്തുന്നത്. പി.എസ്.സി പരീക്ഷ നന്നെങ്കിൽ കായികയിനങ്ങളിൽ ബാലൻ വിജയിപ്പിച്ചെടുക്കുമെന്നതാണ് ഇതുവരെയുള്ള ചരിത്രം. ചന്തേരയിലെ വീട്ടിൽനിന്ന് സൈക്കിളിൽ പുലർച്ച 5.30ന് മൈതാനിയിലെത്തുന്ന ബാലൻ ഒമ്പതു മണിവരെ പരിശീലനം നൽകും. വൈകീട്ടത്തെ പരിശീലനത്തിന് എത്തുന്നവരിൽ കൂടുതലും വനിതകളാണ്. 2010ൽ മലേഷ്യയിൽ നടന്ന മാസ്റ്റേഴ്സ് മീറ്റിൽ ദീർഘദൂര ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ ഇദ്ദേഹം 52ാമത്തെ വയസ്സിൽ ദേശീയ സിവിൽ സർവിസ് മീറ്റിലും സ്വർണം നേടിയിരുന്നു. 35ാമത്തെ വയസ്സിൽ അന്നനാളത്തെ ബാധിച്ച അസുഖത്തെ തുടർന്ന് അരി, മാംസാഹാരങ്ങൾ ഉപേക്ഷിച്ച ബാലൻ പിന്നീടിങ്ങോട്ട് ഇളനീർ മാത്രം ഭക്ഷണമാക്കിയാണ് ജീവിക്കുന്നത്. ദിവസേന മൂന്ന് ഇളനീർ മാത്രമാണ് ഭക്ഷണം. ഇതോടെ നാട്ടുകാരുടെ പ്രിയപ്പെട്ട ഇളനീർ ബാലേട്ടനുമായി.
പരമാവധി കായികതാരങ്ങളെ സേനകൾക്ക് സംഭാവന ചെയ്യുക എന്നതാണ് ബാലന്റെ ആഗ്രഹം. അതിനാൽ തന്നെ തേടിയെത്തുന്നവർക്കെല്ലാം പരിശീലനം നൽകാൻ ബാലൻ പാലായി സജ്ജവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.