സതിയെ സ്വീകരിക്കാൻ ഒരുങ്ങി ജന്മനാട്
text_fieldsചെറുവത്തൂർ: സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിെൻറ ഭിന്നശേഷിക്കാർക്കുള്ള മികച്ച സർഗാത്മക വ്യക്തിത്വത്തിനുള്ള ദേശീയ അവാർഡ് ജേതാവ് എം.വി. സതിക്ക് ജന്മനാട് സ്വീകരണം നൽകും. ഡൽഹിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി ശനിയാഴ്ച കൊടക്കാട് എത്തുന്ന സതിയെ വാഹനങ്ങളുടെ അകമ്പടിയോടെ കരിവെള്ളൂരിൽനിന്ന് പൊള്ളപ്പൊയിലേക്ക് ആനയിക്കും.
4.30ന് വെള്ളച്ചാലിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയിൽ നാടാകെ കൈകോർക്കും. തുടർന്ന് കൈരളി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുമോദനയോഗത്തിൽ പ്രമുഖർ പങ്കെടുക്കും. പേശികൾ തളർന്നുകൊണ്ടേയിരിക്കുന്ന അപൂർവ രോഗം കാരണം വീൽചെയറിലൊതുങ്ങേണ്ടി വന്നെങ്കിലും വായനയിലൂടെ ലോകത്തെ അടുത്തറിയുകയാണ് സതി. വീടിനടുത്ത് പിതാവ് സിവിക് കൊടക്കാട് വളർത്തിയ ബാലകൈരളി ഗ്രന്ഥാലയത്തിലെ പുസ്തകങ്ങളെയാണ് സതിയുടെ കൂട്ടുകാരാക്കിയത്.
ആനുകാലികങ്ങളിലും ആകാശവാണിയിലും പരിചിതയാണ് സതി. സതിയുടെ ജീവിതം അച്ചടിച്ച മൂന്നാം തരം മലയാളം, കന്നട പാഠാവലികളിൽ വായിച്ചുവായിച്ച് വേദനമറന്ന് എന്ന പാഠം കേരളത്തിലെ കുട്ടികൾ നെഞ്ചോടുചേർത്തു. ഇതിലൂടെ സതിയുടെ കൂട്ടുകാരായി ഒരു തലമുറ മുഴുവൻ മാറി. കുട്ടികൾ അയച്ച ആയിരക്കണക്കിന് കത്തുകൾ നിധിപോലെ സതിയുടെ കൂടെയുണ്ട്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഭിന്നശേഷി വോട്ടർമാരുടെ ജില്ല അംബാസഡറായി സതി. എഴുത്തിൽ ഏറെ മുന്നേറിയ സതിയുടെ തിരുമംഗല്യം എന്ന ഭക്തിഗാനം ഏറെ പ്രശസ്തമാണ്. രാജേഷ് തൃക്കരിപ്പൂരിെൻറ സംഗീതത്തിൽ സിത്താര ആയിരുന്നു ആലപിച്ചത്.
ആ ഗാനം ക്ഷേത്രസന്നിധിയിൽ കെ.എസ്. ചിത്ര പാടിയത് സതിക്ക് ഏറെ ആവേശവും ആഹ്ലാദവും നൽകി. തുടർന്ന് സതി എഴുതി അഭിനയിച്ച് ഷെറിൻ ജോജി പാടിയ കുഞ്ഞോളം എന്ന വിഡിയോ ആൽബവും സതി രചിച്ച് മാധവ് ശിവൻ പാടി അഭിനയിച്ച വയലോരം എന്ന വിഡിയോ ആൽബവും പുറത്തിറങ്ങി. 2020ൽ വിരൽ സാഹിത്യവേദിയുടെ അവാർഡ് സതിയുടെ 'അവൾ' എന്ന കഥയെ തേടിയെത്തി. സതീഭാവം സഹഭാവം എന്നപേരിൽ സതിയെ കുറിച്ചുള്ള ഡോക്യുമെൻററി ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.