കഥോത്സവം കഴിഞ്ഞു; കുരുന്നുകൾ ഇനി വരയുത്സവത്തിലേക്ക്
text_fieldsചെറുവത്തൂർ: കഥ പറഞ്ഞു പറഞ്ഞ് ആവേശത്തിരയിലേറിയ കുരുന്നുകൾ ഇനി വരയുത്സവത്തിലേക്ക്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളത്തിന്റെയും ആഭിമുഖ്യത്തിലാണ് പ്രീ പ്രൈമറികളിൽ വർണങ്ങളുടെയും വരകളുടെയും ലോകത്ത് കുരുന്നുകൾക്ക് നവ്യാനുഭവം തീർക്കുന്ന ഉത്സവത്തിന് അരങ്ങൊരുക്കുന്നത്. പ്രീ സ്കൂളുകളിൽ ഈ അധ്യയന വർഷം സംഘടിപ്പിക്കുന്ന 10 ഉത്സവങ്ങളിൽ രണ്ടാമത്തേതാണ് വരയുത്സവം. ഉത്സവങ്ങൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞ മാസം നടന്ന കഥോത്സവം ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വരും മാസങ്ങളിലും വിവിധ ഉത്സവങ്ങൾ അംഗീകൃത പ്രീ പ്രൈമറികളെ ആഹ്ലാദത്തിമിർപ്പിലാഴ്ത്തും. ഫെബ്രുവരിയിൽ മഹാബാലമേളയോടെയായിരിക്കും ഉത്സവങ്ങൾക്ക് കൊടിയിറങ്ങുക. ഭാഷാ ശേഷികൾ, പ്രാഗ് ഗണിതശേഷികൾ, അനുഭവ പരിസരത്തെക്കുറിച്ചുള്ള ധാരണകൾ എന്നീ ലക്ഷ്യങ്ങൾ ഉറപ്പിക്കാനുള്ള വരയുത്സവത്തിന്റെ ഉത്തരമേഖലതല ഡി.ആർ.ജി പരിശീലനം കൊടക്കാട് കദളീവനത്തിൽ ആരംഭിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. നന്ദികേശൻ രണ്ടുനാൾ നീളുന്ന പരിശീലനം ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ ജില്ല പ്രൊജക്ട് കോഓഡിനേറ്റർ വി.എസ്. ബിജുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പ്രോഗ്രാം ഓഫിസർ കെ.പി. രഞ്ജിത്ത് പദ്ധതി വിശദീകരണം നടത്തി. ചെറുവത്തൂർ ബി.പി.സി.എം സുനിൽകുമാർ സ്വാഗതവും പി. രാജഗോപാലൻ നന്ദിയും പറഞ്ഞു. എ. സന്തോഷ്, വി.കെ. അജയകുമാർ, ജസ്റ്റിൻ ജോർജ്, സനിൽകുമാർ വെള്ളുവ, ടി.പി. രഞ്ജിനി, പി.എം. അനിൽ, എം. രോഷ്ന എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.