കാക്കടവിൽ സ്ഥിരം തടയണയായി; ഉദ്ഘാടനം 12ന്
text_fieldsചെറുവത്തൂർ: കയ്യൂർ - ചീമേനി ഗ്രാമപഞ്ചായത്തിലെ കാക്കടവിൽ സ്ഥിരം തടയണയായി. 10 കോടി രൂപ വിനിയോഗിച്ച് നിർമിച്ച തടയണയുടെ ഉദ്ഘാടനം 12ന് രാവിലെ 10ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. കാര്യങ്കോട് പുഴക്ക് കുറുകെ കാക്കടവിൽ സ്ഥിരം തടയണ വേണമെന്ന വർഷങ്ങൾ നീണ്ട ആവശ്യമാണ് ഇപ്പോൾ പൂർത്തീകരിച്ചത്.
നേവൽ അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പ്, രാമന്തളി പഞ്ചായത്ത്, കയ്യൂർ- ചീമേനി പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് വേനൽക്കാലത്ത് കുടിവെള്ള വിതരണം തടസ്സമില്ലാതെ നടത്തുന്നതിനാണ് തടയണ നിർമിച്ചത്. ഫെബ്രുവരി മുതൽ ഏപ്രിൽ മാസം അവസാനം വരെ കാര്യങ്കോട് പുഴയിൽ നീരൊഴുക്ക് തീരെ ഉണ്ടാകാറില്ല. അതിനാൽ താൽക്കാലിക തടയണ നിർമിച്ചാണ് ജലം സംഭരിച്ചു പമ്പ് ചെയ്തു കൊണ്ടിരുന്നത്. വേനൽമഴ കൃത്യമായി ലഭിച്ചില്ലെങ്കിൽ മാർച്ച് പകുതിയോടെ പൂർണമായും ജലം വറ്റിപ്പോകുകയും ചെയ്യും. നേവൽ അക്കാദമി, സി.ആർ.പി.എഫ് എന്നിവിടങ്ങളിൽ ആ സമയം ടാങ്കർ ലോറി മുഖേനയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. കൂടാതെ താൽക്കാലിക തടയണകൾ നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് എൻ.ആർ.ഡി.ഡബ്ല്യു.പിയിൽ സ്ഥിരം തടയണ നിർമിക്കുന്നതിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. 90 മീറ്റർ നീളവും 4.5 മീറ്റർ ഉയരവുമുള്ള തടയണ കാക്കടവ് നേവൽ അക്കാദമി കുടിവെള്ള പദ്ധതിയുടെ കിണറിനു സമീപമാണ് നിർമിച്ചത്. കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ ജില്ലയിലുള്ള ഏറ്റവും വലിയ തടയണയാണ് കാക്കടവിൽ പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.