വെങ്ങാട്ടെ കളപ്പോതി വീട് ഓർമയിലേക്ക്
text_fieldsചെറുവത്തൂർ: ചരിത്രത്തിലെ മറക്കാനാകാത്ത നിമിഷങ്ങളുടെ അനുഭവസാക്ഷ്യം പേറിനിൽക്കുന്ന വെങ്ങാട്ടെ കളപ്പോതി വീട് ഓർമയിലേക്ക് മറയുന്നു. കർഷകത്തൊഴിലാളികളെ അവകാശബോധമുള്ളവരാക്കി മാറ്റി അവർക്ക് അർഹതയുള്ളവ നേടിയെടുക്കാനും സംരക്ഷിക്കാനുമുള്ള നിയോഗം ഏറ്റെടുത്ത ചരിത്രമാണ് വെങ്ങാട്ടെ കളപ്പോതി വീടിനുള്ളത്. എന്നാൽ, കാലപ്പഴക്കംകാരണം ഈ വീട് പൊളിച്ചുനീക്കാൻ തുടങ്ങിക്കഴിഞ്ഞു.
കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ചകാലത്ത് നിരവധി നേതാക്കൾ ഒളിവിൽ കഴിഞ്ഞിരുന്നത് ഈ വീട്ടിലായിരുന്നു. ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ, എ.വി. കുഞ്ഞമ്പു, വി.വി. കുഞ്ഞമ്പു തുടങ്ങിയ നേതാക്കളെല്ലാം ഇവിടെ ഒളിവിൽ കഴിഞ്ഞാണ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പോരാട്ടം നടത്തിയിരുന്നത്. മയിച്ച പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുകിടക്കുന്ന ഈ വീടിന് ഏറെ പ്രത്യേകതകൾ ഉണ്ടായിരുന്നു.
ഓടുമേഞ്ഞ കെട്ടിടം രണ്ടു നിലയാണെന്ന് പുറത്തുനിന്ന് നോക്കുന്ന ആർക്കും മനസ്സിലാകില്ല. വീടുകൾ ഏറെയൊന്നുമില്ലാത്ത കാലത്ത് രണ്ടാം നിലയിൽനിന്ന് നോക്കിയാൽ കിലോമീറ്ററുകൾ അകലെവരെ കാണാൻ സാധിക്കും. നേതാക്കളെ അന്വേഷിച്ച് പൊലീസ് വരുന്നുണ്ടെങ്കിൽ വളരെ ദൂരത്തുനിന്ന് കണ്ട് മനസ്സിലാക്കാനാവും.
ഇത്തരം അവസരങ്ങളിൽ പൊലീസിന്റെ കണ്ണിൽപെടാതെ രക്ഷപ്പെടാൻ രഹസ്യവഴിയും ഈ വീടിനുണ്ട്. പാർട്ടി കെട്ടിപ്പടുക്കുന്നതിനായി പാർട്ടിയുടെ പല യോഗങ്ങളും ഇവിടെ ചേർന്നിട്ടുണ്ട്. കയ്യൂരിൽനിന്നുമുള്ള പാർട്ടി പ്രവർത്തകർ പുഴ നീന്തിക്കടന്ന് റെയിൽവേ പാളം മുറിച്ചുകടന്നാണ് ഇവിടെ യോഗത്തിനെത്താറുള്ളത്. ഇതുപോലുള്ള ഏറെ കഥകൾ ഈ വീടിന് പറയാനുണ്ട്.
നാടിന്റെ വികസനമുന്നേറ്റത്തിന് ചവിട്ടുപടിയായിനിന്ന കളപ്പോതിവീട് ആദ്യകാല പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഇന്നുമുണ്ട്. പരമ്പരാഗത പാർട്ടി കുടുംബമാണ് കളപ്പോതി തറവാട് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.