ജീവിത പ്രയാസത്തിലും കുഞ്ഞപ്പേട്ടന് കൂട്ട് പുസ്തക വായന
text_fieldsചെറുവത്തൂർ: ജൂൺ 19 വായന ദിനത്തിൽ കൊടക്കാട്ടെ മികച്ച വായനക്കാരനായ പി.വി. കുഞ്ഞപ്പനെ നാട് ആദരിക്കുന്നു. കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം ആൻഡ് സ്പോർട്സ് ക്ലബാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചെറുപ്പകാലംതൊട്ടേ പുസ്തക വായന ശീലമാക്കിയ പി.വി. കുഞ്ഞപ്പൻ കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയം ആദ്യകാലം മുതലുള്ള അംഗമാണ്. ഗ്രന്ഥാലയം ലൈബ്രറിയിലെ നിത്യസന്ദർശകനായ ഇദ്ദേഹം നിരവധി പുസ്തകങ്ങൾ ഇതിനകം വായിച്ചുകഴിഞ്ഞു. കഥയും നോവലുകളും കൂടുതലായി തിരഞ്ഞെടുക്കുന്നതോടൊപ്പം ബാലസാഹിത്യ കൃതികളും ഏറെ ഇഷ്ടപ്പെടുന്നു. ചെമ്മീനും പാത്തുമ്മയുടെ ആടും ആണ് ഇഷ്ട കഥകൾ. തന്റെ ഹൈസ്കൂൾ പഠനകാലത്താണ് കുഞ്ഞപ്പൻ നാരായണ സ്മാരക ഗ്രന്ഥാലയത്തിലെത്തി പുസ്തക വായന ആരംഭിച്ചത്.
1984ൽ പുളിങ്ങോം ഗവ. ഹൈസ്കൂളിൽ ഔദ്യോഗിക ജീവിതമാരംഭിച്ച ഇദ്ദേഹം ഗ്രന്ഥാലയം ലൈബ്രേറിയന്റെ താൽക്കാലിക ചുമതല കൂടി വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലയം സ്ഥാപക സാരഥി പി.പി. കുഞ്ഞമ്പുവിന്റെ മകനായ പി.വി. കുഞ്ഞപ്പൻ നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനാണ്. തന്റെ ഔദ്യോഗിക ജീവിതത്തിനുശേഷം കാർഷിക മേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചപ്പോഴും പുസ്തക വായന തുടർന്നു കൊണ്ടേയിരുന്നു. ജീവിതത്തിൽ രണ്ട് വലിയ പ്രയാസങ്ങൾ വന്നപ്പോഴും പുസ്തകങ്ങളും വായനയുമായിരുന്നു ഇദ്ദേഹത്തിന് ഏക ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.