കുഞ്ഞിക്കേളുവിന് ജന്മനാടിന്റെ അന്ത്യാഞ്ജലി
text_fieldsചെറുവത്തൂർ: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ മണലാരണ്യത്തിൽ പാടുപെടവേ അഗ്നിഗോളങ്ങൾ ജീവൻകവർന്ന കേളുവിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ തീപിടിച്ച് മരിച്ച പൊന്മലേരി കേളുവിനാണ് ജന്മഗ്രാമമായ പിലിക്കോട്ട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകിയത്. 15 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാനിരിക്കെയാണ് കുഞ്ഞിക്കേളുവിനെ മരണം തട്ടിയെടുത്തത്. ബാല്യകൗമാര കാലങ്ങളിൽ ഓടിനടന്ന കാലിക്കടവിലെ ടൗണിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്.
പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാൻ വെള്ളിയാഴ്ച ഉച്ചമുതൽ കാലിക്കടവിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. രാത്രി ഏഴിനാണ് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ കേളുവിന്റെ മൃതദേഹമെത്തിയത്. കാലിക്കടവ് രമ്യ ഫൈൻ ആർട്സ് സൊസൈറ്റിയിലാണ് മൃതദേഹം പൊതുദർശനത്തിന് വെച്ചത്. നാടിന്റെ നാനാതുറകളിൽനിന്ന് നിരവധിയാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങിയ വൻ ജനാവലി കാലിക്കടവിലെ പൊതുദർശന നഗരിയിലെത്തി. തുടർന്ന് ഇപ്പോൾ താമസിക്കുന്ന തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ തെക്കുമ്പാട്ടെത്തിച്ചു. തെക്കുമ്പാട് വായനശാലയിലും പൊതുദർശനത്തിനു വെച്ചശേഷം പിലിക്കോട് ആണൂരിലെ മാരാൻ കൊവ്വൽ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ, കലക്ടർ കെ. ഇമ്പശേഖർ, തഹസിൽദാർ മായ, ഡെപ്യൂട്ടി തഹസിൽദാർ സൂഫിയാൻ അഹമ്മദ്, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, എം.വി. ബാലകൃഷ്ണൻ, കെ.പി. സതീഷ് ചന്ദ്രൻ, പി. കരുണാകരൻ, ടി.വി. ഗോവിന്ദൻ, എം.വി. കോമൻ നമ്പ്യാർ, എം. കുമാരൻ, പി. കുഞ്ഞികൃഷ്ണൻ, മാധവൻ മണിയറ, സി.എ. കരീം ചന്തേര, സി.പി. ബാബു, പി.കെ. ലക്ഷ്മി, ഇ. കുഞ്ഞിരാമൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.