പത്തുമാസമായി സബ്സിഡിയില്ല; ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ
text_fieldsചെറുവത്തൂർ: പത്തുമാസമായി സർക്കാർ സബ്സിഡി മുടങ്ങിയതിനെ തുടർന്ന് കുടുംബശ്രീ ജനകീയ ഹോട്ടലുകൾ പ്രതിസന്ധിയിൽ. ഊണൊന്നിന് ഇരുപത് രൂപയാണ് ആളുകളില്‍നിന്ന് വാങ്ങുന്നത്. പത്ത് രൂപ സബ്സിഡിയായി സര്‍ക്കാറും നല്‍കുന്നുണ്ട്. മുപ്പത് രൂപയുടെ ഊണാണ് കുടുംബശ്രീ വഴി വിതരണം ചെയ്യുന്നത്. എന്നാൽ, കഴിഞ്ഞ പത്ത് മാസമായി സർക്കാർ സബ്സിഡി കിട്ടാത്തത്.
ഇതിനെ തുടർന്ന് ഭൂരിഭാഗം ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടലിെന്റ വക്കിലാണ്. ഭക്ഷണം കഴിക്കുന്നവരിൽനിന്നും വാങ്ങുന്ന 20 രൂപ അരി, സാധനങ്ങൾ എന്നിവ വാങ്ങാൻപോലും തികയുന്നില്ല. ജീവനക്കാർക്ക് ശമ്പളം എടുക്കണമെങ്കിൽ സബ്സിഡി കിട്ടിയേ മതിയാകൂ.
അത് വൈകുന്നതാണ് ജീവനക്കാരിൽ അതൃപ്തി ഉളവാക്കിയിരിക്കുന്നത്. കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളിലെ ഇരുപത് രൂപ ഊൺ അധികൃതർ പറഞ്ഞ കറികളൊന്നുമില്ലാതെ വിളമ്പുന്നതായാണ് ആക്ഷേപം. എന്നാൽ, ഈ ഊണു പോലും ഏറെ ബുദ്ധിമുട്ടിയാണ് വിളമ്പാൻ കഴിയുന്നതെന്നാണ് കുടുംബശ്രീക്കാർ പറയുന്നത്.
പൊതുജനത്തിന് കുറഞ്ഞ ചെലവില്‍ ഉച്ചഭക്ഷണം കൊടുക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ജനകീയ ഹോട്ടല്‍ തുറന്നത്. ചോറ്, തോരന്‍ അല്ലെങ്കില്‍ ചമ്മന്തി, അച്ചാര്‍, പിന്നെ ഒഴിച്ചുകറികളും എന്നതായിരുന്നു വിഭവങ്ങൾ. എന്നാൽ ആവശ്യത്തിന് ചോറുണ്ട് എന്നതല്ലാതെ മറ്റ് കറികളൊന്നും ഇവിടെ കിട്ടാനുമില്ല. നല്ല തുക ഈടാക്കി പൊരിച്ച മത്സ്യം, ചിക്കൻ എന്നിവ കൂടെ വിളമ്പിയാണ് പല ഹോട്ടലുകളും പിടിച്ചുനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.