അവാർഡുകളിൽ തിളങ്ങി വടക്കൻ സൗന്ദര്യം: ‘സിൽമ’ കാസർകോടിനു ചുവട്ടിൽ
text_fieldsചെറുവത്തൂർ: കാസർകോട്ടുനിന്ന് ഷൂട്ടിങ് പൂർത്തിയാക്കിയ എല്ലാ സിനിമകളും വൻ വിജയമായതിനെ തുടർന്ന് ജില്ല സിനിമക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനായി മാറുന്നു. നിലവിൽ രണ്ട് സിനിമകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽവെച്ച് ചിത്രീകരിക്കുന്നുണ്ട്. കൂടുതൽ സിനിമ പ്രവർത്തകർ കാസർകോട്ടേക്കെത്തുമെന്നാണ് കരുതുന്നത്. െചലവ് കുറവാണെന്നതും പച്ചപ്പ് നിറഞ്ഞ പ്രകൃതിയുണ്ടെന്നതും സിനിമക്കാരെ ജില്ലയിലേക്ക് അടുപ്പിക്കുന്നു.
‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ വൻ വിജയത്തോടെയാണ് കൂടുതൽ നിർമാതാക്കളും സംവിധായകരും കാസർകോട്ടിൽ കണ്ണ്നട്ടത്. ഇതിന് മുമ്പ് വന്ന തിങ്കളാഴ്ച നിശ്ചയത്തോടെ ജില്ല സിനിമക്കാരുടെ ഫ്രയിമിലുണ്ടായിരുന്നു.
പാലക്കാട് വരിക്കാശ്ശേരി മന, ആലപ്പുഴ, തെങ്കാശി, വാഗമണ്ണ്, പൊള്ളാച്ചി, ഊട്ടി, ഒറ്റപ്പാലം എന്നിവിടങ്ങളിൽ ഒതുങ്ങിയിരുന്ന മലയാള സിനിമയുടെ ലൊക്കേഷനുകളാണ് കാസർകോട്ടേക്കും വ്യാപിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നുവരവോടെയാണ് സിനിമ പുതിയ ഭൂമികയെ തേടിയിറങ്ങുന്നത്. ഇപ്പോൾ മലയാള സിനിമയുടെ കണ്ണും കാതും മലബാറിന്റെ ഗ്രാമീണതയിലാണ്. ഇതിൽ കാസർകോടിന്റെ നാടൻചൂരും പച്ചപ്പും നാട്ടുവഴികളും വെള്ളിത്തിരയിൽ പശ്ചാത്തലമാകുമ്പോൾ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. സന്തോഷ് പുതുക്കുന്ന് ഒരുക്കിയ കുണ്ഡല പുരാണം, അജയന്റെ രണ്ടാം മോഷണം എന്നീ സിനിമകൾ കാസർകോട്ടുനിന്ന് മാത്രം ചിത്രീകരിച്ച് ഉടൻ പുറത്തിറങ്ങാൻ കാത്തുനിൽക്കുന്നവയാണ്.
1995ൽ പുറത്തിറങ്ങിയ തമിഴ് സിനിമയായ ബോംബെയിൽ ‘ഉയിരേ..ഉയിരേ.... ' എന്ന ഗാനം ചിത്രീകരിച്ചത് ബേക്കൽ കോട്ടയിൽവെച്ചായിരുന്നു. തുടർന്ന് ബേക്കലിന്റെ സൗന്ദര്യം അഭ്രപാളികളിൽ പകർത്താൻ നിരവധി സിനിമക്കാർ ഇവിടേക്കെത്തി. ഗർഷോം, അമൃതം എന്നീ സിനിമകളിലും ബേക്കൽ കോട്ട ഇടംനേടി.
കണ്ണൂർ, കോഴിക്കോട്, മംഗളൂരു എന്നീ വിമാനത്താവളങ്ങളിൽനിന്ന് കാസർകോട് ജില്ലയിലേക്ക് എത്തിച്ചേരാനുള്ള യാത്രാമാർഗം എളുപ്പമാണ്. ഇതും സിനിമാപ്രവർത്തകരെ ജില്ലയിലേക്ക് എത്തിക്കുന്നതിന് പ്രധാന കാരണമാകുന്നു.
2000ൽ ‘മധുരനൊമ്പരക്കാറ്റു’മായി സംവിധായകൻ കമലും 2006ൽ ഷാജൂൺ കാര്യാലിന്റെ ‘വടക്കും നാഥനു’ വേണ്ടിയും വീണ്ടും മലയാള സിനിമ കേരളത്തിന്റെ വടക്കേ ദേശത്തേക്കെത്തി. ‘മധുരനൊമ്പരക്കാറ്റി’ൽ വരണ്ട ഭൂമിയുടെ പശ്ചാത്തലമായപ്പോൾ കാഞ്ഞങ്ങാടിന്റെ പച്ചപ്പും ഇനിയും നഷ്ടപ്പെടാത്ത തറവാട് ഭൂമിയുടെ തനിമയും വടക്കും നാഥനിൽ തെളിഞ്ഞുനിന്നു.
എൻഡോസൾഫാൻ ഇരകളുടെ വേദനകൾ നിറച്ച ഡോ. ബിജുവിന്റെ ‘വലിയചിറകുള്ള പക്ഷികൾ’ സിനിമയും, മനോജ് കാന സംവിധാനം ചെയ്ത ‘അമീബ’യും, സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത ‘മോപ്പാള’യും കാസർകോടിന്റെ വിവിധ പ്രദേശങ്ങളുടെ സൗന്ദര്യം വരച്ചുകാട്ടുന്നവയായിരുന്നു. സിനിമക്കാർ കൂട്ടത്തോടെ കാസർകോട്ടെത്തുമ്പോൾ നിരവധി അഭിനേതാക്കളും ജില്ലയിൽനിന്ന് ഉദയം ചെയ്യുന്നുണ്ട്. ഉണ്ണിരാജ് ചെറുവത്തൂർ, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ ഇക്കൂട്ടത്തിൽപെടുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.