ഇപ്പോൾ ചൂണ്ടയിടലിന്റെ കാലം
text_fieldsചെറുവത്തൂർ: ട്രോളിങ് നിരോധനം കാരണം ഹാർബറുകളുടെ ചലനം നിശ്ചലമായപ്പോൾ ഹാർബറുകളിൽ ഇപ്പോൾ ചൂണ്ടയിടലിന്റെ കാലമാണ്.
നിരവധിയാളുകളാണ് ചൂണ്ടയുമായി എത്തി ഹാർബറുകളിൽനിന്ന് മീൻപിടിത്തം നടത്തുന്നത്. ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത മീൻപിടിത്ത വള്ളങ്ങൾക്ക് അനുമതിയുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.
അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികളും ചൂണ്ട ഉപയോഗിച്ചുള്ള മീൻപിടിത്തം ആരംഭിച്ചു. മത്സ്യത്തൊഴിലാളികൾക്ക് പുറമെ മറ്റ് വിവിധ പ്രദേശങ്ങളിൽനിന്ന് ചൂണ്ടയിടാൻ എത്തുന്നവരുടെ എണ്ണവും കുറവല്ല. നേരം പുലർന്നാൽ ഇവർ ഹാർബറുകളിലെത്തും. വൈകീട്ടുവരെ ചൂണ്ടയിട്ട് മീൻ പിടിച്ചാണ് തിരിച്ചുപോകുന്നത്. ചിലദിവസങ്ങളിൽ പലർക്കും നിരാശയായിരിക്കും ഫലമെങ്കിലും അടുത്ത ദിവസവും ഇവർ ഇവിടെയെത്തി ചൂണ്ടയിടും.
ആരൽ, മറ്റ് ചെറിയ മീനുകൾ എന്നിവയാണ് പ്രധാനമായും ഇവർക്ക് ലഭിക്കുക. അന്നന്നത്തെ ചെലവിനായി നിരവധിപേർ ചൂണ്ടയിടലിനെ ആശ്രയിക്കുകയാണിവിടെ. ട്രോളിങ് നിരോധനമായാതിനാൽ മത്സ്യബന്ധന ബോട്ടുകൾ ഹാർബറിൽ എത്താറില്ല. അതുകൊണ്ടുതന്നെ ഹാർബറിൽനിന്ന് ചൂണ്ടയിടാൻ ഇവർക്ക് ധാരാളം സ്ഥലവും ലഭിക്കുന്നുണ്ട്. ജൂൺ 10നാണ് ട്രോളിങ് നിരോധനം ആരംഭിച്ചത്. 52 ദിവസത്തെ നിരോധനത്തിനുശേഷം ജൂലൈ 31ന് നിരോധനം അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.