വിഷബാധ; ഭക്ഷണം കഴിച്ചവർ കൂട്ടത്തോടെ ആശുപത്രികളിലേക്ക്
text_fieldsചെറുവത്തൂർ: ചെറുവത്തൂരിലെ ഐഡിയൽ കൂൾബാറിൽനിന്ന് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം നൂറുകണക്കിനാളുകളെ ഭീതിയിലാഴ്ത്തി. മൂന്ന് ദിവസമായി ചെറുവത്തൂരിലെ കൂൾബാറിൽനിന്ന് ഭക്ഷണം കഴിച്ചവരാണ് ആശങ്കയിലായത്. ഭീതിപൂണ്ട ഭൂരിഭാഗംപേരും വിവിധ ആശുപത്രികളിൽ ചികിത്സതേടി. ആദ്യം കൂൾബാറിന്റെ പേര് അറിയാത്തതിനാൽ പലരും ചികിത്സതേടി നെട്ടോട്ടത്തിലായിരുന്നു.
എന്നാൽ, 'ഐഡിയൽ' എന്ന പേര് പരന്നതോടെ ഇവിടെ നിന്ന് കഴിച്ചവരെല്ലാം പേടിയിലായി. കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് ഞായറാഴ്ച രാവിലെ മുതൽ ചികിത്സതേടിയുള്ള ആളുകളുടെ ഒഴുക്കായിരുന്നു. പൊതുവെ പെരുന്നാൾ തിരക്കിലായിരുന്നു ചെറുവത്തൂർ ടൗൺ. അതിനാൽ കൂൾബാറിൽനിന്ന് ഭക്ഷണം കഴിച്ചവരുടെ എണ്ണവും കൂടി. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് വിദ്യാർഥികൾ കൂട്ടത്തോടെ എത്തിയതും ഭൂരിഭാഗം കൂൾബാറുകളിലും ആൾക്കൂട്ടത്തിനിടയാക്കി. കുട്ടികളാണ് ഭക്ഷണം കഴിച്ചവരിൽ കൂടുതൽ. അതിനാൽ തന്നെ കടുത്ത ആശങ്കയിലായിരുന്നു രക്ഷിതാക്കൾ.
പലരും ഛർദി, തലവേദന, വയറുവേദന എന്നീ അസ്വസ്ഥതകളെ തുടർന്നാണ് ആശുപത്രിയിലെത്തിയത്. 30 ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. ഇതിൽ ആരുടെയും നില പേടിക്കാനുള്ളതല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചുവെങ്കിലും രക്ഷിതാക്കൾക്ക് ആശങ്ക നീങ്ങിയില്ല.
പെൺകുട്ടി മരിച്ചതറിഞ്ഞ് പ്രതിഷേധക്കാരും കൂട്ടമായി ടൗണിൽ എത്തിയതോടെ പൊലീസിന് സ്ഥിതി നിയന്ത്രിക്കാൻ പറ്റാതായി. ചിലർ കൂൾബാറിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസും ജനക്കൂട്ടവും തമ്മിൽ ഉന്തുംതള്ളുമായി. തുടക്കത്തിൽ കുറച്ച് പൊലീസുകാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അപകടസാധ്യത മുൻകൂട്ടി കണ്ട് വൈകുന്നേരത്തോടെ വൻ പൊലീസ് സംഘം ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.