ശബ്ദം നിലച്ചിട്ട് 500 ദിവസങ്ങളായി രാജൻ ഇപ്പോൾ ബീഡി തെറുപ്പ് സമരത്തിലാണ്
text_fieldsചെറുവത്തൂർ: കേരളത്തിനകത്തും പുറത്തും ശബ്ദരംഗത്തെ മഹാവിസ്മയമായ കരിവെള്ളൂർ രാജൻ ഇപ്പോൾ ബീഡി തെറുപ്പിലൂടെ സമരരംഗത്തിറങ്ങിയിരിക്കുകയാണ്. കൊറോണക്കാലത്ത് ജീവിതോപാധി നഷ്ടപ്പെട്ട ശബ്ദകലാകാരൻമാരുടെ പ്രതിസന്ധിയെ അധികൃതരുടെ ശ്രദ്ധയിലേക്ക് എത്തിക്കാൻ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് അദ്ദേഹം ബീഡിത്തെറുപ്പ് സമരം നടത്തുന്നത്.
ശബ്ദരംഗത്തെ നിറസാന്നിധ്യം ആവുന്നതിനു മുമ്പ് തൻറ ജീവിതോപാധി ആയിരുന്ന കരിവെള്ളൂർ ദിനേശ് ബീഡി കമ്പനിയിലെ ബീഡി തെറുപ്പിനെ ഒരു പ്രതിസൂചകമായി അധികാരികൾക്ക് മുമ്പിൽ അവതരിപ്പിക്കുകയാണ് രാജൻ. നൂറു കണക്കിന് ശബ്ദ കലാകാരന്മാർ മുഴു പട്ടിണിയിൽ വലയുന്ന ഈ കൊറോണക്കാലത്ത് അവരുടെ വിഷമങ്ങൾ പരിഹരിക്കാൻ അധികൃതർ ഒരു നടപടിയും നീക്കാതെ വന്നപ്പോഴാണ് പഴയ ജീവിതോപാധിയെ സമരമാർഗമാക്കി മാറ്റിയത്. 500 ദിവസമായി തൻ്റെ റെക്കോർഡിംഗ് സ്റ്റുഡിയോ പൂട്ടിയിട്ട ഇദ്ദേഹവും ഉപജീവന പ്രതിസന്ധിയിലാണ്.വടക്കൻ കേരളത്തിലെ പെരുങ്കളിയാട്ടങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ശബ്ദമാണ് രാജേന്റത്. ലോകസഭാ,നിയമസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തെ മിക്ക പാർട്ടികളുടെയും സ്ഥാനാർഥികളുടെ വിജയത്തിനായ് രാജൻ്റെ ശബ്ദം മുഴങ്ങിയിട്ടുണ്ട്.
കേൾക്കുന്നവൻ്റെ ഹൃദയത്തിലേക്ക് ഓരോ വാക്കും എത്തിക്കുവാൻ പ്രതിഫലേച്ഛയില്ലാതെ കഠിനാധ്വാനം ചെയ്തിട്ടും പ്രതിസന്ധി കാലത്ത് ആരും തിരിഞ്ഞു നോക്കാനില്ലെന്നതാണ് കരിവെള്ളൂർ രാജൻ്റെ അനുഭവസാക്ഷ്യം. തന്നെ പോലെയുള്ള കലാകാരന്മാരുടെ വിഷമതകൾ അധികൃതർ ശ്രദ്ധിക്കും വരെ ശബ്ദം നിലപ്പിച്ച് ബീഡി തെറുപ്പ് സമരം തുടരാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.