ഭീഷണിയായി ചെങ്കൽക്കുഴികൾ
text_fieldsചെറുവത്തൂർ: ചീമേനിയിലെ മൂടാത്ത ചെങ്കൽക്കുഴികൾ അപകടഭീഷണി ഉയർത്തുന്നു. ചീമേനിയിലും പരിസര പ്രദേശങ്ങയിലും ഇത്തരം കല്ലുവെട്ടുകുഴികൾ ധാരാളമുണ്ട്. നിശ്ചിതകാലത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് കല്ല് പരമാവധി വെട്ടിയെടുത്തശേഷം ഉപേക്ഷിക്കാറാണ് പതിവ്. കല്ലെടുത്തുകഴിഞ്ഞാൽ കൽപണകൾ മൂടണമെന്ന വ്യവസ്ഥ ആരും പാലിക്കാറുമില്ല. കയ്യൂർ-ചീമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നൂറോളം കുഴികളുണ്ട്. മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കുന്നതിനാൽ വലിയ അപകടഭീഷണിയാണിവ ഉണ്ടാക്കുന്നത്.
ചീമേനി കനിയന്തോലിൽ 10 വയസ്സുള്ള ഇരട്ട സഹോദരങ്ങൾ വീട്ടിനടുത്തുള്ള കല്ലുവെട്ടുകുഴിയിൽ വീണ് മുങ്ങിമരിച്ചിരുന്നു. രാധാകൃഷ്ണൻ-പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള വെള്ളക്കെട്ടിലാണ് കുട്ടികൾ വീണത്. കുട്ടികളെ കാണാത്തതിനെതുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ചീമേനി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥികളാണ്. കഴിഞ്ഞവർഷം ഈ പ്രദേശത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ഒരു പ്ലസ് ടു വിദ്യാർഥിയും മരിച്ചിരുന്നു. കയ്യൂർ-ചീമേനി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ വീടുനിർമാണത്തിനാവശ്യമായ ചെങ്കല്ലുകളും കൊണ്ടുപോകുന്നത്. കല്ലെടുത്തശേഷം എല്ലാ കല്ലുവെട്ട് കുഴികളും അടിയന്തിരമായും മൂടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.