പെൺകുട്ടികൾക്ക് ആത്മവിശ്വാസം പകരാൻ 'സധൈര്യം'
text_fieldsചെറുവത്തൂർ: പെൺകുട്ടികൾക്ക് ആത്മവിശ്വാസവും സ്വയം പ്രതിരോധശേഷിയും നേടിയെടുക്കാൻ 'സധൈര്യം'. ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിലാണ് ഏഴുമുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് അതിക്രമങ്ങളെ ചെറുക്കാനുള്ള പ്രതിരോധ പദ്ധതി സംഘടിപ്പിച്ചത്. പത്തുനാൾ രണ്ടു മണിക്കൂർ വീതം നീളുന്നതായിരുന്നു പരിശീലനം. സ്കൂളിലെ ക്ലാസ് കഴിഞ്ഞ ശേഷമുള്ള പരിശീലനത്തെ കുട്ടികൾ ഏറെ താൽപര്യത്തോടെയായിരുന്നു വരവേറ്റത്.
ഓരോ നോഡൽ സ്കൂളിലും തൊട്ടടുത്ത വിദ്യാലയങ്ങളിലെ കുട്ടികളെ കൂടി പങ്കെടുപ്പിച്ചായിരുന്നു കോവിഡ് പെരുമാറ്റ ചട്ടം പാലിച്ചുള്ള പരിശീലനം. കുട്ടികൾക്ക് എല്ലാ ദിവസവും ലഘുഭക്ഷണ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ചെറുവത്തൂർ ബി.ആർ.സി പരിധിയിൽ മെട്ടമ്മൽ ജി.ഡബ്ല്യു.യു.പി.എസ്, ചന്തേര ജി.യു.പി.എസ്, പടന്നക്കടപ്പുറം ജി.എഫ്.എച്ച്.എസ്.എസ്, പിലിക്കോട് ജി.എച്ച്.എസ്.എസ്, ചീമേനി ജി.എച്ച്.എസ്.എസ്, കയ്യൂർ ജി.വി.എച്ച്.എസ്.എസ്, ഉദിനൂർ ജി.എച്ച്.എസ്.എസ്, ചെറുവത്തൂർ ജി.എഫ്.വി.എച്ച്.എസ്.എസ്, കുട്ടമത്ത് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് കളരി, കരാട്ടേ, ജൂഡോ എന്നിവയിലാണ് 315 പെൺകുട്ടികൾക്ക് പരിശീലനം ലഭ്യമാക്കിയത്.
സ്പോർട്സ് കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത അസോസിയേഷനുകളുടെ അംഗീകാരമുള്ള പരിശീലകർക്കായിരുന്നു പരിശീലന നേതൃത്വം. വിവിധ കേന്ദ്രങ്ങളിൽ കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. വത്സലൻ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സത്താർ വടക്കുമ്പാട്, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.വി. മുഹമ്മദ് അസ്ലം, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ശ്യാമള എന്നിവർ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ബി.പി.സി വി.എസ്. ബിജുരാജ്, ട്രെയിനർ പി. വേണുഗോപാലൻ, സി. സനൂപ്, കെ. ശ്രുതി, വി.എം. സയന, വി.എം. പ്രസീത, പി.കെ. ജുവൈരിയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.