സെക്കൻഡ് ബെൽ: അധ്യാപകർ ഇനി സ്കൂളിലെത്തണമെന്ന് വെബിനാർ
text_fieldsചെറുവത്തൂർ: കോവിഡ് മഹാമാരിയുടെ അതിവ്യാപനത്തിെൻറ നടുവിൽ ഓൺലൈൻ ക്ലാസുകളുടെ സെക്കൻഡ് ബെൽ മുഴങ്ങുമ്പോൾ പുതു നിർദേശങ്ങളുമായി വെബിനാർ. സമഗ്ര ശിക്ഷ കാസർകോട് ചെറുവത്തൂർ ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് ഇനി വരാനിരിക്കുന്ന ഓൺലൈൻ ക്ലാസുകൾ എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റി കാമ്പുള്ള നിർദേശങ്ങളുയർന്നത്.
വിദ്യാർഥികളെ ഡിജിറ്റൽ ഓൺലൈൻ ക്ലാസുകളുടെ പഠനവഴിയിൽ നിലനിർത്താൻ അക്കാദമിക സമൂഹവും പൊതുസമൂഹമാകെയും കൈകോർത്തു നീങ്ങേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ മാതൃകയിൽ വിദ്യാലയത്തിലെ ഐ.ടി സൗകര്യങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് വിദ്യാർഥികളുമായി നിരന്തരം സംവദിക്കുന്ന സ്റ്റുഡിയോകൾ ഓരോ സ്കൂളിലും ഉണ്ടാകണം. ഓൺലൈൻ ക്ലാസുകളുടെ സംശയനിവാരണവും ലളിതരൂപത്തിൽ അവ കുട്ടികളിലെത്തിക്കുന്നതിനും അധ്യാപക സാന്നിധ്യം സാധാരണനിലയിൽതന്നെ വിദ്യാലയങ്ങളിലുണ്ടാകേണ്ടതുണ്ട്. കൈറ്റ് വിക്ടേഴ്സിെൻറ ക്ലാസുകൾക്കു പുറമെ പ്രാദേശിക സാധ്യതകൾ ഉപയോഗിച്ച് വിദ്യാലയങ്ങളിലെ സ്റ്റുഡിയോകൾ വഴി ക്ലാസുകൾ കുട്ടികൾക്ക് ഓൺലൈനായി നൽകണം. പ്രാദേശിക പഠനകേന്ദ്രങ്ങൾ കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സജീവമാക്കുന്നതും നല്ലതാണ്.
വിദ്യാഭ്യാസ വകുപ്പിെൻറ മേൽനോട്ടത്തിൽ മലയാളത്തിലെ മുഖ്യധാര ചാനലുകളിൽ റീ ബ്രോഡ്കാസ്റ്റിങ്, പത്രങ്ങളിൽ വർക്ക് ഷീറ്റുകൾ, റേഡിയോകളിൽ പഠന പോഷണ ക്ലാസുകൾ എന്നിവകൂടി ഉണ്ടായാൽ ഈ പ്രതിസന്ധിയെ ഒരു പരിധിവരെയെങ്കിലും മുറിച്ചുകടക്കാനാകും.
ഓൺലൈൻ ക്ലാസുകളിൽ രക്ഷിതാക്കളുടെ ഇടപെടൽ സംബന്ധിച്ച് മാസത്തിൽ ഒരു തവണ അവർക്കും കൈറ്റ് വഴി ക്ലാസ് നൽകി പഠനപിന്തുണ ഉറപ്പുവരുത്താനാകണം -വെബിനാർ ചൂണ്ടിക്കാട്ടി. ഉപജില്ലയിലെ പ്രഥമാധ്യാപകർ, ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തകർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്ത വെബിനാർ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി. പുഷ്പ ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം. ബാലൻ, സമഗ്ര ശിക്ഷ ജില്ല പ്രോജക്ട് കോഓഡിനേറ്റർ പി. രവീന്ദ്രൻ, കൈറ്റ് ജില്ല കോഓഡിനേറ്റർ എം.പി. രാജേഷ് എന്നിവർ വിശിഷ്ടാതിഥികളായി.
എ.ഇ.ഒ കെ.ജി. സനൽഷ അധ്യക്ഷത വഹിച്ചു. കോവിഡ്കാല വിദ്യാഭ്യാസം: വെല്ലുവിളികളും സാധ്യതകളും എന്ന വിഷയം വിദ്യാഭ്യാസ വിചക്ഷണൻ ഒ.എം. ശങ്കരൻ അവതരിപ്പിച്ചു.
കോവിഡ് കാല വിദ്യാലയ അനുഭവങ്ങൾ സെഷനിൽ ആലപ്പുഴ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് വി.വി. മോഹൻദാസ് (കോവിഡ് കാലത്തെ കലവൂർ മാതൃക), കണ്ണൂർ പുറച്ചേരി ജി.യു.പി സ്കൂൾ അധ്യാപകൻ എം.എം. സുരേന്ദ്രൻ (പുറച്ചേരിയിലെ പുതുമാതൃകകൾ), മാവിലാക്കടപ്പുറം ജി.എൽ.പി സ്കൂൾ അധ്യാപകൻ എം. രാജേഷ് (മാവിലാടത്തെ പഠന വീടുകൾ) എന്നിവർ അവതരിപ്പിച്ചു. ഡയറ്റ് െലക്ചറർ പി.വി. വിനോദ് കുമാർ മോഡറേറ്ററായിരുന്നു. ചെറുവത്തൂർ ബി.പി.സി വി.എസ്. ബിജുരാജ്, ഒയോളം നാരായണൻ, കെ. ജയചന്ദ്രൻ, വി.സി. റീന, പ്രമോദ് അടുത്തില, പ്രദീപ് കൊടക്കാട്, കെ.ടി. സുജയ, എം. പ്രസന്ന, അനൂപ്കുമാർ കല്ലത്ത്, പി. വേണുഗോപാലൻ, പി. കെ. സരോജിനി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.