വിദ്യാലയത്തിൽ ആഹ്ലാദത്തിന്റെ വർണക്കൂടാരമൊരുങ്ങി
text_fieldsചെറുവത്തൂർ: കുട്ടികൾക്കായി ആഹ്ലാദത്തിന്റെ വർണക്കൂടാരം ഒരുക്കിയിരിക്കുകയാണ് ചെറുവത്തൂർ ഗവ. വെൽഫെയർ യു.പി സ്കൂളിൽ. പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാകേരളയും പ്രീ പ്രൈമറി വിദ്യാർഥികൾക്കായി അവതരിപ്പിക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായാണ് വർണക്കൂടാരം സ്ഥാപിച്ചത്.
കളിയിടം, വിശ്രമകേന്ദ്രം, ജലാശയങ്ങൾ, ശലഭോദ്യാനങ്ങൾ, വിശ്രമ വിനോദ കേന്ദ്രങ്ങൾ, പൂന്തോട്ടം, പ്രകൃതി പഠന ഹരിതയിടങ്ങൾ, നക്ഷത്രവനം തുടങ്ങിയവയെല്ലാം വർണക്കൂടാരത്തിന്റെ ഭാഗമായി നിർമിച്ച ക്ലാസ് മുറികളിലുണ്ടാകും. പാറക്കെട്ടിലൂടെ കുത്തിയൊഴുകുന്ന വെള്ളവും ജലധാരയും മാനും മയിലും ജിറാഫും പറവകളുമെല്ലാം കുട്ടികൾക്കൊപ്പം പഠനയിടങ്ങളിലുണ്ടാകും.
അന്താരാഷ്ട്ര നിലവാരമുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കാനുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷ കേരളം വഴി നടപ്പാക്കുന്നത്. കുട്ടികൾക്ക് സന്തോഷത്തോടെയും അഭിരുചിക്ക് അനുസരിച്ചും കളികളിൽ ഏർപ്പെടാൻ കഴിയുന്ന വിശാലവും ശിശു സൗഹൃദവുമായ പ്രവർത്തനയിടമാണ് ഒരുങ്ങുന്നത്.
എസ്.എസ്.കെ കാസർകോടും ബി.ആർ.സി ചെറുവത്തൂരും ചെറുവത്തൂർ ഗവ. വെൽഫെയർ യു.പി. സ്കൂളിൽ ഓരുക്കിയ മാതൃക പ്രീ സ്കൂൾ ‘സ്റ്റാർസ്’ വർണക്കൂടാരം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ശോഭ കല്ലത്ത്, സമഗ്രശിക്ഷ കേരളം ജില്ല പ്രോജക്ട് കോഓഡിനേറ്റർ വി.എസ്. ബിജുരാജ്, ജില്ല പ്രോജക്ട് ഓഫിസർ കെ.പി. രഞ്ജിത്ത്, ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.