സംസ്ഥാന കുടുംബശ്രീ കലോത്സവം; കാസർകോട് ഓവറോൾ ചാമ്പ്യന്മാർ
text_fieldsചെറുവത്തൂർ: അയല്‍ക്കൂട്ട വനിതകളുടെ സാംസ്കാരിക ശാക്തീകരണമാണ് അരങ്ങ് സര്‍ഗോത്സവത്തിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പിലിക്കോട് സംഘടിപ്പിച്ച അഞ്ചാമത് അരങ്ങ്-സര്‍ഗോത്സവം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹികവും രാഷ്ട്രീയവുമായ വികാസത്തിനൊപ്പം സ്ത്രീകളുടെ സര്‍ഗാത്മകത വളര്‍ത്തുന്നതിനും സാംസ്കാരിക ശാക്തീകരണത്തിനും അവസരമൊരുക്കി സമ്പൂര്‍ണ ശാക്തീകരണ വനിത പ്രസ്ഥാനമായി കുടുംബശ്രീ വളരുകയാണ്.
കലയോടൊപ്പം സാഹിത്യത്തിലും സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം മുതല്‍ സാഹിത്യോത്സവങ്ങളും ആരംഭിച്ചിട്ടുണ്ട്. കേരളത്തിന്റെ അഭിമാനകരമായ സ്ത്രീകൂട്ടായ്മയായ കുടുംബശ്രീ ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ന് കുടുംബശ്രീ എത്തിച്ചേരാത്ത മേഖലകളില്ല. ഏറ്റവും ഒടുവിലായി തിരുവനന്തപുരത്ത് ലഞ്ച് ബെല്‍ എന്ന പദ്ധതി ആവിഷ്കരിച്ചപ്പോള്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രീമിയം കഫേകള്‍, ജനകീയ ഹോട്ടലുകള്‍, വെജിറ്റബിള്‍ കിയോസ്കുകള്‍ തുടങ്ങി മാതൃകാപരമായ നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.
വയോജന പരിചരണത്തിന്റെ മേഖലയിലേക്കും കുടുംബശ്രീ കടന്നുകഴിഞ്ഞു. കുടുംബശ്രീയുടെ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നാണ് ശുചിത്വ കേരളത്തിന്റെ അംബാസഡര്‍മാരായി മാറിയ ഹരിത കര്‍മസേന. ഗ്രാമീണ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച അവിസ്മരണീയ സര്‍ഗവിരുന്നായി പിലിക്കോട് കലോത്സവം മാറിയെന്നും മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി അഞ്ചാം വട്ടവും ഓവറോള്‍ ചാമ്പ്യന്മാരായ കാസര്‍കോട് ജില്ലക്കുള്ള എവര്‍റോളിങ് ട്രോഫി എം. രാജഗോപാലന്‍ എം.എല്‍.എ സമ്മാനിച്ചു.
ഓവറോള്‍ ചാമ്പ്യന്മാര്ക്കുള്ള ട്രോഫി കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക് കാസര്‍കോടിന് സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ കണ്ണൂര്‍ ജില്ലക്ക് ബേബി ബാലകൃഷ്ണന്, ജാഫർ മാലിക് എന്നിവര്‍ ട്രോഫി സമ്മാനിച്ചു. മൂന്നാം സ്ഥാനം നേടിയ തൃശൂര്‍ ജില്ലക്ക് പി.പി. ദിവ്യ ട്രോഫി സമ്മാനിച്ചു.
ജാഫര്‍ മാലിക് സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ല മിഷന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ ‘മാതൃകം’ മാസിക ജില്ലതല അരങ്ങ് പ്രത്യേക പതിപ്പിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, കുടുംബശ്രീ ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ, കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ വിശിഷ്ടാതിഥികളായി. അഡ്വ. എ.പി. ഉഷ, ഷാനവാസ് പാദൂര്‍, പി.പി. പ്രസന്നകുമാരി, സി.വി. പ്രമീള, പി.വി. മുഹമ്മദ് അസ്ലം, വി.വി. സജീവന്, വി.കെ, ബാവ, എം. ശാന്ത, കെ. ശകുന്തള, എം. മനു, സി.ജെ. സജിത്, പി.കെ. ലക്ഷ്മി, ടി.ടി. സുരേന്ദ്രന്, കെ. സനൂജ, സി. ബിന്ദു, എം. ഗുലാബി, മുംതാസ് അബൂബക്കര്‍, വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
അരങ്ങ്-2024: ഉല്പന്ന പ്രദര്‍ശന സ്റ്റാളിലും വന്‍തിരക്ക്
ചെറുവത്തൂർ: അരങ്ങ് സര്‍ഗോത്സവത്തോടനുബന്ധിച്ച് പ്രധാന വേദിയായ കാലിക്കടവ് സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച ഉല്പന്ന പ്രദര്‍ശന സ്റ്റാളില്‍ വന്‍ തിരക്ക്. ആകെ 18 സ്റ്റാളുകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ പ്രധാനമായും കാസര്‍കോട്, കണ്ണൂര്‍ ജില്ലയിലെ വിവിധ സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് നടക്കുന്നത്.
ജില്ലയില്‍ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കരിന്തളം സി.ഡി.എസിലെ സംരംഭകര്‍ ഉല്പാദിപ്പിക്കുന്ന തേന്‍, തേനില്നിന്നുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങള്, ജില്ലയിലെ വിവിധ യൂനിറ്റുകള്‍ ഉല്പാദിപ്പിക്കുന്ന ബാഗ്, കരകൗശല ഉല്പന്നങ്ങള്, ഭക്ഷ്യോല്പന്നങ്ങള്, പനമ്പ്, മുള എന്നിവകൊണ്ടുള്ള ഉല്പന്നങ്ങള്, കരകൗശലവസ്തുക്കള്‍, ബാഗ്, കുടകള്‍, എന്നിവയും ലഭിക്കും.
കൂടാതെ നൂറു രൂപയുടെ ഉല്പന്നങ്ങള് മുതല്‍ വാങ്ങാനാകുമെന്നതാണ് നേട്ടം.ജില്ലയിലെ പ്രത്യാശ, ബ്ലോസം, മഹാത്മ മോഡല്‍ ബഡ്സ് സ്കൂളുകളിലെ ബഡ്സ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉല്പന്നങ്ങള്ക്കും ആവശ്യക്കാരേറെയുണ്ട്. നോട്ട്ബുക്കുകള്‍, ബാത്ത്റൂം ക്ലീനര്‍, ഹാന്‍ഡ് വാഷ്, കുട, നോട്ട് പാഡ്, ബാഗുകള്‍, ഫയല്‍, ശില്പങ്ങള് എന്നിവയാണ് ബഡ്സ് വിദ്യാര്‍ഥികളുടെ ഉല്പന്നങ്ങള്. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്നിന്നുളള സംരംഭകര്‍ തയാറാക്കിയ വിവിധതരം ഉല്പന്നങ്ങളും സ്റ്റാളില്‍ ലഭ്യമാണ്.
പിലിക്കോട്, പ്രാദേശിക ഗവേഷണകേന്ദ്രം, കേരള ഗ്രാമീണ്‍ ബാങ്ക്, പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പ്രതിപാദിക്കുന്ന ഫോട്ടോ ഗാലറി, കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്, ഡി.ഡി.യു.ജി.കെ.വൈ പദ്ധതി, കുടുംബശ്രീയുടെ റേഡിയോശ്രീ, കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്ക് എന്നിവയുടെ സ്റ്റാളുകളിലും ഏറെ തിരക്കുണ്ട്.
നനയാതെ കുടുംബശ്രീ കലോത്സവം
ചെറുവത്തൂർ: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ സദസ്സിനുചുറ്റും വെള്ളം ഒലിച്ചെത്തിയെങ്കിലും നനയാതെ കുടുംബശ്രീ കലോത്സവം വിജയത്തിലേക്ക്. കലോത്സവത്തിലെ രണ്ടാം ദിവസമായ ശനിയാഴ്ചയാണ് കനത്ത മഴ പെയ്തത്. പ്രധാന വേദിയായ കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ വെള്ളം കയറിയെങ്കിലും സദസ്സ് ഇളകിയില്ല.
മനോഹരമായ പന്തലിൽ ഓരോ പരിപാടിയും ആസ്വദിച്ചും പ്രോത്സാഹിപ്പിച്ചും കാണികൾ മഴയെ തോൽപിച്ചു. മത്സരാർഥികൾക്ക് മഴവെള്ളം ചവിട്ടി വേദിയിലെത്തേണ്ടതുമാത്രം ദുഷ്കരമായി. ആദ്യമായി ജില്ലയിൽ വിരുന്നെത്തിയ കലോത്സവം സംഘാടനമികവുകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.