പലചരക്കു കടയുടമയെ കബളിപ്പിച്ച് പണം കവർന്നയാൾ പിടിയിൽ
text_fieldsചെറുവത്തൂർ: കാറിലെത്തി പലചരക്കു കടയുടമയെ കബളിപ്പിച്ച് പട്ടാപ്പകൽ പണം കവർന്ന പ്രതിയെ പൊലീസ് തന്ത്രപൂർവം വലയിലാക്കി. മാണിയാട്ടെ യു.കെ. രാഘവെൻറ കടയിൽനിന്ന് 6000 രൂപ കൈക്കലാക്കി കടന്നുകളഞ്ഞ ബേക്കൽ പെരിയങ്ങാനം സ്വദേശി ലത്തീഫിനെയാണ് ചന്തേര പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. കടയുടെ മുന്നിൽ കാർ നിർത്തിയ കറുത്ത ഷർട്ടും പാൻറ്സും ധരിച്ച ഇയാൾ കുറച്ച് സാധനം വേണമെന്നാവശ്യപ്പെട്ടാണ് കടയിലെത്തിയത്. തുടർന്ന് അടുത്ത കടയിൽ കോഴി വാങ്ങാൻ 2000 രൂപയുടെ ചില്ലറ വേണമെന്ന് ആവശ്യപ്പെട്ടു. മറ്റൊരാൾക്ക് കൊടുക്കാൻ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിച്ചിരുന്ന തുകയിൽനിന്ന് ചില്ലറയെടുത്തപ്പോൾ എെൻറ കൈയിൽ തന്നെയുണ്ടെന്നു പറഞ്ഞു. തുടർന്ന് സാധനങ്ങളെടുക്കാൻ ആവശ്യപ്പെട്ട് ധിറുതി കൂട്ടി. പഞ്ചസാര, മൈദ, പച്ചരി, തക്കാളി തുടങ്ങി അഞ്ഞൂറോളം രൂപക്കുള്ള സാധനങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടയിൽ കടയുടമയുടെ എതിർപ്പ് വകവെക്കാതെ അകത്തുകയറി മൂന്നു ഫ്രൂട്ടിയെടുത്ത് മേശമേൽ വെച്ചു. തുടർന്ന് സോപ്പ് തിരഞ്ഞെടുക്കാനായി വീണ്ടും അകത്തേക്ക് കയറി. പുറത്തിറങ്ങിയ ഇയാൾ, കണക്കുകൂട്ടി വെക്കുമ്പോഴേക്കും വേറൊരു കടയിൽനിന്ന് സിഗരറ്റ് വാങ്ങി വരാമെന്നു പറഞ്ഞ് കാറുമെടുത്തു സ്ഥലംവിട്ടു.
സിഗരറ്റ് വാങ്ങാൻ പോയ ആളെ കാണാതായതോടെ പണം സൂക്ഷിച്ചിരുന്ന പാത്രം ചരിഞ്ഞുകിടക്കുന്നത് കണ്ട കടയുടമ പണപ്പാത്രം ശ്രദ്ധിച്ചുനോക്കിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. പാത്രത്തിൽ 6000 രൂപയുണ്ടായതായി കടയുടമ പറഞ്ഞു. ഉടമയുടെ പരാതിയിൽ ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചതോടെയാണ് പ്രദേശത്തെ സി.സി.ടി.വിയിൽ മോഷ്ടാവിെൻറ കാർ പതിഞ്ഞതറിഞ്ഞത്. കെ.എൽ 60 എം. 9465 നമ്പർ കാറാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്നു മനസ്സിലാക്കിയ പൊലീസ്, ആർ.സി ഓണറെ കണ്ടെത്തി. ഫോൺ നമ്പർ മനസ്സിലാക്കി. തുടർന്ന് ആദ്യ ആർ.സി ഓണറല്ല പ്രതിയെന്നു മനസ്സിലാക്കിയ പൊലീസ്, ഇയാളെ ഉപയോഗപ്പെടുത്തി മറ്റൊരാവശ്യത്തിനെന്നു പറഞ്ഞ് പ്രതിയെ വിളിച്ചുവരുത്തി. ചന്തേര പൊലീസ് സ്േറ്റഷൻ പരിസരത്തെത്താറായ പ്രതിക്ക് പന്തികേട് തോന്നുകയും ഉടൻ ചെറുവത്തൂർ ഭാഗത്തേക്ക് ഓടിച്ചുപോവുകയും ചെയ്തു. എന്നാൽ, പിലിക്കോട് തോട്ടം ഗേറ്റ് പരിസരത്തെത്തിയ പ്രതി കാറിൽനിന്നിറങ്ങി ഓടി പരിസരത്തെ ചെറിയ കുറ്റിക്കാടിൽ ഒളിക്കുന്നതിനിടയിൽ നാട്ടുകാരുടെ സഹകരണത്തോടെ ചന്തേര പൊലീസ് പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.