പഠനത്തിന് പാവകളെ ഉപകരണമാക്കിയ ഉറ്റച്ചങ്ങാതികൾക്ക് അധ്യാപക അവാർഡ്
text_fieldsകുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടും വിധത്തിൽ മികച്ച പഠനോപകരണമായി പാവകളെ മാറ്റിയ ഉറ്റച്ചങ്ങാതിമാർക്ക് ഈവർഷത്തെ സംസ്ഥാന അധ്യാപക അവാർഡ്. ജില്ലയിലെ കൊവ്വൽ എ.യു.പി സ്കൂൾ അധ്യാപകനായ പ്രമോദ് അടുത്തിലക്കും, ജില്ലയിലെ രാമന്തളി പഞ്ചയത്ത് എൽ.പി സ്കൂൾ അധ്യാപകനായ പ്രകാശൻ ചാത്തംകൈക്കുമാണ് പ്രൈമറി വിഭാഗത്തിൽ നിന്ന് അവാർഡുകൾ ലഭിച്ചത്.
പാഴ്വസ്തുക്കൾ കൊണ്ട് പാവകൾ നിർമിക്കുന്നതിനുള്ള പരിശീലനം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നൽകിയ ഇവരുടെ ഇടപെടലിലൂടെയാണ് പാവനാടകവും പാവനിർമാണവും പാഠ്യപദ്ധതിയുടെ ഭാഗമായത്. കോവിഡിനെ തുടർന്ന് പഠനം വിക്ടേഴ്സ് വഴിയായപ്പോൾ ഒന്നാം ക്ലാസുകാരെ ആകർഷിക്കാനുള്ള പഠനോപകരണങ്ങൾ മുഴുവനും നിർമിച്ചത് ഇവർ രണ്ടുപേരും ചേർന്നാണ്.
കൊവ്വൽ എ.യു.പി സ്കൂളിൽ 31 വർഷമായി ചിത്രകലാധ്യാപകനായി ജോലി ചെയ്തുവരുന്ന പ്രമോദ് അടുത്തില എൻ.സി.ഇ.ആർ.ടിയുടെ കലാവിഭാഗം മാസ്റ്റർ ട്രെയ്നർ, സി.സി.ആർ.ടി.യുടെ ടീച്ചർ ട്രെയ്നർ, എസ്.സി.ഇ.ആർ.ടിയുടെ റിസോഴ്സ് പേഴ്സൻ, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ പാവനിർമാണ പരിശീലകൻ, സീമാറ്റിൽ പ്രവൃത്തി പഠനം റിസോഴ്സ് പേഴ്സൻ, ഡി.പി.ഇ.പിയിൽ മലയാള ഡി.ആർ.ജി, ഡയറ്റിെൻറ ലൈബ്രറി ശാക്തീകരണം റിസോഴ്സ് പേഴ്സൻ, എസ്.എസ്.എയിൽ സാമൂഹ്യശാസ്ത്രം ഡി.ആർ.ജി, വിദ്യാഭ്യാസ വകുപ്പിെൻറ മാനേജ്മെൻറ് ട്രെയ്നിങ്ങിൽ പരിശീലകൻ എന്നിങ്ങനെ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.
പ്രവൃത്തിപരിചയ അധ്യാപക പരിശീലനത്തിനായി ആദ്യമായി നടത്തിയ കോർ എസ്.ആർ.ജിയിൽ പരിശീലന മൊഡ്യൂൾ തയാറാക്കിയ സമിതിയിലെ ഏക അധ്യാപകനായിരുന്നു. നിരവധി തവണ കലാ- പ്രവൃത്തി പഠനത്തിെൻറ എസ്.ആർ.ജിയായും പ്രവർത്തിച്ചു. ഉപജില്ല- ജില്ല പ്രവൃത്തിപരിചയമേളകളുടെ ചുമതലക്കാരനായും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
പ്രവൃത്തിപരിചയ ക്ലബ് അസോസിയേഷൻ ജില്ല സെക്രട്ടറി, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം ജില്ല കോഓഡിനേറ്റർ, വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാഭ്യാസ ജില്ല കൺവീനർ എന്നീ ഉത്തരവാദിത്തങ്ങളും നിറവേറ്റിയിട്ടുണ്ട്. രണ്ടായിരത്തിലധികം ശിൽപശാലകൾക്ക് നേതൃത്വം വഹിച്ചിട്ടുണ്ട്. പഴയങ്ങാടി അടുത്തിലയിലെ പരേതനായ കെ. രാഘവൻ നായരുടെയും പി.വി. തങ്കം ടീച്ചറുടെയും മകനാണ്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ലൈബ്രേറിയനായി സേവനം ചെയ്യുന്ന എ.കെ. രസിതയാണ് ഭാര്യ. മകൻ: ജിഷ്ണുപ്രമോദ്. പയ്യന്നൂർ പടോളി സ്വദേശിയായ പ്രകാശൻ ചാത്തംകൈ 16 വർഷമായി അധ്യാപക സേവനം ചെയ്തുവരുന്നു. കാസർകോട് ജില്ലയിലെ ചാത്തംകൈ ഗവ. എൽ.പി സ്കൂളിനെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിനാൽ നാട്ടുകാർ പ്രകാശൻ എന്ന പേരിനൊപ്പം ചാത്തംകൈ എന്ന പേര് കൂട്ടിച്ചേർത്തു.
പാഴ്വസ്തുക്കൾ എന്തായാലും നിമിഷ നേരങ്ങൾക്കുള്ളിൽ ജീവൻ തുടിക്കുന്ന പാവകളാക്കി മാറ്റുമെന്നതാണ് പ്രകാശൻ സ്റ്റൈൽ. പരേതനായ കേളുവിെൻറയും കാർത്യായനിയുടേയും മകനാണ്. ഷീബയാണ് ഭാര്യ. പ്രജിൽ, അതുൽ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.