പുതിയ പാലം ഇന്ന് തുറക്കും
text_fieldsചെറുവത്തൂർ: കാര്യങ്കോട്ട് തേജസ്വിനി പുഴക്ക് കുറുകെ ആറുവരിപ്പാതയുള്ള പുതിയപാലം ഇന്ന് ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഇതോടെ നിലവിൽ ഉപയോഗിക്കുന്ന പഴയ റോഡുപാലം ചരിത്രത്തിലേക്ക് മറയും. ഓർമകളിലേക്കുള്ള ഈ പാലം ഒരു ചരിത്രവും സംസ്ഥാനസർക്കാർ നിർമിക്കുന്ന ആറുവരിപ്പാത മറ്റൊരു ചരിത്രവുമാവുകയാണ്.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നിർമിച്ച പുതിയപാലം തുറന്നാലുടൻ ചരിത്രശേഷിപ്പായ പഴയപാലം പൊളിച്ചുമാറ്റും. തേജസ്വിനി പുഴയാൽ വേറിട്ടുനിന്നിരുന്ന ചെറുവത്തൂർ-നീലേശ്വരം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാര്യങ്കോട് റോഡ് പാലം ജില്ലയുടെ വികസനത്തിന്റെ നാഴികക്കല്ലാണ്.
രാമൻചിറയിലെ ചങ്ങാടത്തിൽ കൂടിയായിരുന്നു പാലം വരുന്നതിനുമുമ്പ് നാട്ടുകാർ നീലേശ്വരത്തേക്കും ചെറുവത്തൂരിലേക്കും യാത്ര ചെയ്തിരുന്നത്. നീലേശ്വരം രാജാസ് സ്കൂളിലേക്ക് പോകുന്നവരും ചന്തയിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നവരുമായിരുന്നു പ്രധാനമായും ഈ വഴി ഉപയോഗപ്പെടുത്തിയിരുന്നത്. തേജസ്വിനിയുടെ ഇരുകരയിലും പണ്ടേ റോഡുണ്ടായിരുന്നു. എന്നാൽ, പുഴ മുറിച്ചുകടക്കാൻ പാലം ഇല്ലാത്ത അവസ്ഥയായിരുന്നു.
ജനങ്ങളുടെ യാത്രക്ക് പാലം അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് 1957ൽ അധികാരത്തിൽ വന്ന ഇ.എം.എസ് മന്ത്രിസഭ പാലം നിർമാണത്തിന് അനുമതി നൽകുകയായിരുന്നു. ഉടൻ പാലം പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. മരപ്പലകകൾ കൊണ്ടുണ്ടാക്കിയ സംവിധാനത്തിലൂടെയാണ് പാലം പ്രവൃത്തിക്കാവശ്യമായ സാമഗ്രികൾ കടത്തിയിരുന്നത്. പൂർത്തിയായ പാലം 1963 ഏപ്രിൽ 17ന് അന്നത്തെ മുഖ്യമന്ത്രി ആർ. ശങ്കർ നാടിന് സമർപ്പിക്കുകയും ചെയ്തു.
നിർമാണം ആരംഭിച്ചത് മുതലുള്ള വിവരണങ്ങളും ഫോട്ടോയും അടങ്ങുന്ന സുവനീർ ഇപ്പോഴുമുണ്ട്. ബാലറ്റ് പെട്ടിയിലൂടെ ആദ്യമായി അധികാരത്തിലെത്തിയ ഇ.എം.എസ് സർക്കാർ അനുവദിച്ചതും ജില്ലയുടെ സമഗ്ര മാറ്റത്തിനും വികസനത്തിനും വഴിയൊരുക്കിയതുമായ പാലം എന്ന ഖ്യാതി പൊളിച്ചുമാറ്റിയാലും ഈ പാലത്തിനുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.