എട്ടു മാസമായി ഈ സഹോദരങ്ങളുണ്ട്; കോവിഡ് രോഗികൾക്ക് താങ്ങായും തണലായും
text_fieldsചെറുവത്തൂർ: കഴിഞ്ഞ എട്ടു മാസമായി ഈ സഹോദരങ്ങൾ കോവിഡ് രോഗികൾക്കൊപ്പമാണ്. ഭക്ഷണം വിളമ്പിയും, മരുന്ന് എത്തിച്ചും, ശുചീകരിച്ചും കോവിഡ് രോഗികൾക്ക് തണലേകുന്നത് പിലിക്കോട് വറക്കോട്ട് വയലിലെ ഇരട്ട സഹോദരങ്ങളായ ജിതിനും ജിജിനുമാണ്. ക്വാറൻറീനിൽ കഴിയുന്നവർക്ക് ഭക്ഷണം, മരുന്ന് എത്തിച്ച് കൊടുത്ത് കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ സേവനമാണ്.
ഇന്നും കർമരംഗത്താണിവർ. പിലിക്കോട് പഞ്ചായത്ത് വക ഭക്ഷണം ക്വാറൻറീനിൽ കഴിയുന്ന വിവിധ പ്രദേശങ്ങളിലുള്ളവർക്കും, സി മൗണ്ട് ഹോട്ടലിലെ താമസക്കാർക്കും, വെള്ളച്ചാൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കോവിഡ് രോഗികൾക്കും സ്ഥിരമായി എത്തിച്ചുനൽകി. ദിവസവും നാല് നേരങ്ങളിലും സേവനം തുടർന്ന ഈ സഹോദരങ്ങൾ ഒരു ദിവസംപോലും മാറിനിന്നിട്ടുമില്ല. നിലവിൽ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ വയോക്ഷേമ കോൾ സെൻററിൽ സേവനം ചെയ്തു വരുകയാണ്.
കാഞ്ഞങ്ങാട് നെഹ്റു കോളജിൽ നിന്നും ഡിഗ്രി പഠനം പൂർത്തിയാക്കിയ ഉടനെ രോഗികളുടെ കണ്ണീരൊപ്പാൻ ലഭിച്ച അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ വറക്കോട്ട് വയൽ യൂനിറ്റ് ഭാരവാഹികളാണ് ഇരുവരും. എം.വി. ജനാർദനെൻറയും പഞ്ചായത്തംഗം ടി. ഓമനയുടെയും മക്കളാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.