തുലാം പിറന്നു; വടക്കൻ കേരളത്തിൽ ഇനി തെയ്യക്കാലം
text_fieldsചെറുവത്തൂർ: പഥിതന്റെ സങ്കടക്കണ്ണീരൊപ്പാൻ ദൈവങ്ങൾ മണ്ണിലേക്കിറങ്ങുന്ന വീണ്ടുമൊരു തെയ്യക്കാലത്തിന് വടക്കൻ കേരളത്തിൽ തുടക്കമായി. തുലാപ്പത്തിനാണ് തെയ്യക്കാലം സജീവമാവുകയെങ്കിലും തുലാപ്പിറവിയോടെത്തന്നെ കർഷക തെയ്യങ്ങൾ നാടിറങ്ങും.
ചെറുവത്തൂർ തിമിരി വയലിൽ വലിയവളപ്പിൽ ചാമുണ്ഡി തെയ്യം വെള്ളിയാഴ്ച വിത്തിടും. ഇതോടെ ഒരു കൃഷിക്കാലത്തിനുകൂടി തുടക്കമാകും. തെയ്യം കലാകാരന്മാരുടെ നാലുമാസത്തിലേറെയായുള്ള കാത്തിരിപ്പിനുകൂടി ഇതോടെ വിരാമമാകും. ഉത്തര കേരളത്തിലെ കാവുകളില്‍ ചിലമ്പൊലികളുടെയും രൗദ്രതാളത്തിന്റെയും അകമ്പടിയോടെ ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങള്‍ ഇനിമുതല്‍ ഉരിയാടിത്തുടങ്ങും. പത്താമുദയമെന്ന് വിളിക്കുന്ന തുലാപ്പത്ത് മുതല്‍ ഇടവപ്പാതി വരെ കളിയാട്ടങ്ങളും പെരുങ്കളിയാട്ടങ്ങളുമൊക്കെയായി ഉത്സവപ്പറമ്പുകൾ നിറഞ്ഞ് പൊലിയും. കന്നിക്കൊയ്ത്ത് കഴിഞ്ഞ് രണ്ടാം വിളയിറക്കലിന്റെ ആരംഭദിനം കൂടിയാണ് തുലാപ്പത്ത്.
കാര്‍ഷിക സംസ്കൃതിയുടെ നല്ലകാലത്തെ വരവേല്‍ക്കാന്‍ തറവാടുകളിലും ഗ്രാമക്ഷേത്രങ്ങളിലും തെയ്യക്കാവുകളിലും പ്രത്യേക ചടങ്ങുകള്‍ നടക്കും. നിറതിരിയിട്ട നിലവിളക്കുകളും നിറനാഴിയും അന്തിത്തിരിയന്മാരും ആചാരക്കാരും ഉദയത്തിന് സൂര്യദേവനെ എതിരേല്ക്കും. കൃഷിസമൃദ്ധിക്കും കന്നുകാലികളുടെ ക്ഷേമത്തിനും വേണ്ടി പ്രാർഥിക്കും. ഉര്‍വരതാ ദേവതകളായ കുറത്തിയും വയല്ക്കുറത്തിയും കുഞ്ഞാര്‍ കുറത്തിയും വെള്ളിയാഴ്ച മുതല്‍ ഗുണം വരുത്തുമെന്ന മന്ത്രവുമോതി കെട്ടിയാടി വീടുകളിലെത്തും. കാവുകളിലും കഴകങ്ങളിലും പള്ളിയറകളിലും തറവാടുകളിലും തെയ്യങ്ങള്‍ ഉറഞ്ഞാടും. ഓരോ കളിയാട്ടവും അതത് ദേശത്തിന്റെ ഉത്സവങ്ങളാണ്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരക്കാവിലെ കളിയാട്ടത്തോടെയാണ് വടക്കേ മലബാറിലെ തെയ്യക്കാലം തുടങ്ങുന്നത്.
വണ്ണാന്മാര്, മലയന്മാര്, അഞ്ഞൂറ്റാന്മാര്, പുലയന്മാര്, മാവിലര്‍, കോപ്പാളര്‍ എന്നിവരാണ് പ്രധാനമായും തെയ്യം കെട്ടുന്നത്. കാവുകളിൽ ഉത്സവങ്ങൾ വരുമ്പോൾ കളിച്ചന്തകളെ ഉപജീവനമാക്കുന്ന നൂറുകണക്കിന് ആളുകൾക്കുകൂടി ഇനി പ്രതീക്ഷക്കാലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.