ജനകീയാസൂത്രണത്തിന് വഴികാട്ടിയായ ടി.വി.ഗോവിന്ദനെ ചേർത്ത് പിടിച്ച് തോമസ് ഐസക്
text_fieldsചെറുവത്തൂർ: ജനകീയാസൂത്രണം കാൽ നൂറ്റാണ്ട് പിന്നിടുമ്പോൾ അതിന് വഴികാട്ടിയാകാൻ കഴിഞ്ഞ ചരിത്രമുണ്ട് പിലിക്കോട് പഞ്ചായത്തിന്. ഇതിന് നേതൃത്വ നൽകിയ മുൻ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ഗോവിന്ദനെ ചേർത്ത് പിടിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്.
പിലിക്കോട് പഞ്ചായത്തിൽ ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഈ സന്തോഷം പങ്കുവെക്കൽ. 1995ൽ മുഴുവൻ വീടുകളിലും കക്കൂസ് നിർമിച്ച് രാജ്യത്തെ തന്നെ ആദ്യ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പിലിക്കോട് മാറി. തുറന്ന സ്ഥലത്തെ വിസർജനം ഇല്ലാതാക്കാൻ, ജനകീയ സമിതി രൂപവത്കരിച്ചായിരുന്നു പ്രവർത്തനം. ഒറ്റദിവസം അയ്യായിരത്തോളം വീടുകളിൽ ജനകീയ പഠനം നടത്തി.
2100 വീടുകൾക്ക് ശുചിമുറി ഇല്ലെന്ന് കണ്ടത്തി. തുടർന്നാണ് സമ്പൂർണ ശുചിത്വ പദ്ധതിക്ക് രൂപം നൽകിയത്. ഗ്രാമ വികസന വകുപ്പും കേന്ദ്ര സർക്കാരും 54.5 ലക്ഷവും സംസ്ഥാന സർക്കാർ 21 ലക്ഷവും അനുവദിച്ചു. അന്നത്തെ തദ്ദേശ മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്ത പരിപാടി ആറുമാസത്തിൽ പൂർത്തിയാക്കി.
മുഖ്യമന്ത്രി ഇ. കെ. നായനാർ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. രാഷ്‌ട്രപതിയിൽ നിന്ന് ആദ്യ നിർമൽ പുരസ്കാരവും സംസ്ഥാന സർക്കാറിന്‍റെ സ്വരാജ് ട്രോഫിയും അതുവഴി ലഭിച്ചു. ഈ അനുഭവങ്ങളെല്ലാം ഗോവിന്ദൻ ഐസക്കുമായി പങ്കുവെച്ചു. നീരൊഴുക്ക് ഭൂപടം, വിഭവഭൂപടം, സോഷ്യോ ഇക്കണോമിക് സർവെ എന്നിവയും പിലിക്കോട് നടത്തിയിരുന്നു. പഞ്ചായത്തിലെ മുഴുവൻ വിവരങ്ങളും ചേർത്താണ് വിഭവ ഭൂപടം തയ്യാറാക്കിയത്.
പഞ്ചായത്തുകൾക്ക് നിർവഹണ സംവിധാനമോ ആവശ്യമായ പണമോ ഇല്ലാത്ത കാലത്താണ് ടി.വി ഗോവിന്ദൻ പ്രസിഡന്‍റും പി .കെ. ലക്ഷ്‌മി വൈസ് പ്രസിഡന്‍റു മായ പഞ്ചായത്ത് ഭരണസമിതി മഹത്തായ ജനകീയ സംരംഭം ഏറ്റെടുത്തത്. തൊഴിലുറപ്പ് പദ്ധതിയൊന്നും ഇല്ലാതിരുന്ന കാലത്ത് ജനകീയ കൂട്ടായ്മയിലൂടെ നടപ്പാക്കിയ നിലം സംരക്ഷണവും സമാനമായ മറ്റൊരു പദ്ധതിയായി. മൂവായിരത്തോളം ആളുകൾ ചേർന്ന് ഒന്നര കിലോമീറ്റർ ഓവുചാൽ നിർമിച്ച് ശുചിത്വ പദ്ധതിയുടെ രണ്ടാംഘട്ടത്തിനും തുടക്കമിട്ടു.ജനകീയാസൂത്രണ പദ്ധതിയുടെ ശില്പികളിലൊരാളായ തോമസ് ഐസക്കിന് ഈ ചേർത്ത് പിടിക്കൽ ആവേശമുണ്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.