വിരമിച്ച് മൂന്ന് പതിറ്റാണ്ട്; ഓർമകൾക്ക് വിരാമമിടാതെ കുഞ്ഞമ്പു മാഷ്
text_fieldsചെറുവത്തൂർ: അധ്യാപക സർവിസിൽനിന്ന് വിരമിച്ച് 30 വർഷം കഴിഞ്ഞിട്ടും കുഞ്ഞമ്പു മാഷിെൻറ ഓർമകൾ ചെറിയാക്കര സ്കൂളിൽ തന്നെ. ചെറിയാക്കര ഗവ. എൽ.പി സ്കൂളിെൻറ പ്രഥമ പ്രധാനാധ്യാപകന് എം. കുഞ്ഞമ്പുവിനാണ് എൺപത്തിനാലാം വയസ്സിലും ഇഷ്ട വിദ്യാലയത്തെ പറ്റി പറയാൻ നൂറുനാവ്.
നീലേശ്വരം പടിഞ്ഞാറ്റംകൊവ്വലിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുമ്പോഴും ചെറിയാക്കര സ്കൂളിലെ മുഴുവൻ പരിപാടികൾക്കും മാഷ് ഓടിയെത്തും. ചെറിയാക്കരയിൽനിന്ന് വിരമിക്കാനാവുന്നില്ലെന്നതാണ് കുഞ്ഞമ്പു മാഷിെൻറ ഒറ്റവാക്ക്. കോവിഡിനെ തുടർന്ന് വിദ്യാലയത്തിലെത്താൻ പറ്റാതെവന്ന വിഷമമറിഞ്ഞ പി.ടി.എ കമ്മിറ്റി കഴിഞ്ഞ ഓണാഘോഷം ഗൂഗ്ള്‍മീറ്റ് വഴി ഉദ്ഘാടനം ചെയ്യിച്ചും കുഞ്ഞമ്പുമാഷിെൻറ സാന്നിധ്യം ഉറപ്പാക്കി.
സൗത്ത് കാനറ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡൻറ് കെ.കെ. ഹെഡ്ഡെയുടെ നിയമന ഉത്തരവ് പ്രകാരം 1956 മാര്‍ച്ച് 19നാണ് കുഞ്ഞമ്പു മാസ്റ്റര്‍ ചെറിയാക്കര ജി.എല്‍.പി സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. ഗ്രാമപ്രദേശങ്ങളില്‍ പിഞ്ചുകുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതിനുള്ള പദ്ധതിയായ ഏകാധ്യാപക വിദ്യാലയമായിരുന്നു അന്നിവിടം. ചെറിയാക്കര ബോട്ടുകടവില്നിന്ന് അൽപം തെക്കുമാറി പഴയ വീടിെൻറ വരാന്തയോടുചേര്‍ന്ന മുറിയിലായിരുന്നു സ്കൂള്‍. 20ല്‍ താഴെ മാത്രമായിരുന്നു ആദ്യകാലത്ത് വിദ്യാർഥികള്‍ ഉണ്ടായിരുന്നതെന്ന് മാഷ് ഓർക്കുന്നു.
ബെഞ്ച്, മേശ,കസേര എന്നിവ പേരിനുമാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ ഏഴര മണിക്ക് സ്കൂളിലേക്ക് പുറപ്പെട്ടാല്‍ കാര്യങ്കോട് കടവില്‍നിന്ന് ബോട്ട് കയറി ഒമ്പത് മണിയോടെ സ്കൂളിലെത്തും. സ്കൂള്‍വിട്ട് തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും ആറര മണിയാകും. ബോട്ട് ഇല്ലാതായ ദിവസങ്ങളില്‍ നടന്നുതന്നെ എത്തണം. ഒരുവർഷത്തിനുള്ളില്‍ സ്കൂളിന് പഠനസൗകര്യം ഇല്ലാത്തകാര്യം നാട്ടുകാരെയും കുട്ടികളുടെ രക്ഷിതാക്കളെയും ബോധ്യപ്പെടുത്തി.
രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂള്‍ കെട്ടിടം നിര്‍മിക്കാനും സാധിച്ചു. ഇന്ന് സ്കൂളിന് നല്ല രണ്ട് കെട്ടിടങ്ങളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. മറ്റ് വിദ്യാലങ്ങളെ ബഹുദൂരം പിന്നിലാക്കി ചെറിയാക്കര സ്കൂള്‍ അന്തരീക്ഷത്തിലും പഠനമികവിലും അനുദിനം മാതൃകയാകുന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും കുഞ്ഞമ്പുമാഷാണ്. വിദ്യാലയ വികസനത്തിനായി കാല്‍ലക്ഷം രൂപ പി.ടി.എയെ ഏല്പിച്ചുകൊണ്ട് വികസന നിധിയിലേക്കുള്ള ആദ്യസംഭാവന ചെയ്തതും മാഷായിരുന്നു.
വിദ്യാലയത്തിന് ഈ വർഷം മികച്ച പി.ടി.എ ജില്ല പുരസ്കാരം ലഭിച്ചപ്പോൾ വിദ്യാലയ സാരഥികളെ ആദ്യം വിളിച്ച് അഭിനന്ദനം അറിയിച്ചതും കുഞ്ഞമ്പു മാഷായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.