കുട്ടികൾക്ക് മുന്നിൽ മാന്ത്രികച്ചെപ്പ് തുറന്ന് ഉമേഷ്
text_fieldsചെറുവത്തൂർ: അക്ഷരമുറ്റങ്ങൾ ഉണർന്നതോടെ വിസ്മയച്ചെപ്പ് തുറന്ന് ഉമേഷ് ചെറുവത്തൂർ കുട്ടികൾക്ക് മുന്നിലെത്തി. ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി സ്കൂളിൽ രണ്ടാം ഘട്ടത്തിലെത്തുന്ന കുട്ടികൾക്കായി ഒരുക്കിയ പ്രവേശനോത്സവത്തിലാണ് മാജിക് അരങ്ങേറിയത്.
ഒന്നാംവയസ്സില്‍ പോളിയോ ബാധിച്ച് അരക്കുതാഴെ പൂര്‍ണമായും തളര്‍ന്നെങ്കിലും സ്പൈക് എസ്കേപ് ഉള്‍പ്പെടെയുള്ള അപകടകരമായ മാജിക്കുകളിലൂടെ കാഴ്ചക്കാരില്‍ വിസ്മയം നിറച്ച കലാകാരനാണ് ഉമേഷ് ചെറുവത്തൂര്‍. വേദികളിൽ സജീവമായി നിൽക്കുമ്പോഴാണ് കോവിഡ് വ്യാപനമുണ്ടായത്.
കാലുകള്‍ക്ക് ചലനശേഷിയില്ലാത്തതിനാൽ മറ്റു തൊഴിലുകൾ പ്രയാസമാണ്. സ്കൂളിലേക്ക് ക്ഷണിച്ചപ്പോൾ എല്ലാം ഒരുക്കിയെടുത്ത് വീണ്ടും മജീഷ്യന്റെ കുപ്പായമണിഞ്ഞു. നവംബർ ഒന്നിന് വിദ്യാലയത്തിലെത്തിയ കുട്ടികൾക്ക് ലഭിച്ച അതേ അനുഭവം രണ്ടാം ഘട്ടത്തിലെത്തുന്ന കുട്ടികൾക്കും ലഭിക്കാൻ ചന്തേര ഇസ്സത്തുൽ ഇസ്ലാം എ.എൽ.പി.എസിൽ വർണാഭമായ പ്രവേശനോത്സവം ഒരുക്കിയിരുന്നു.
ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ.ജി. സനൽഷ കുട്ടികൾക്കുമുന്നിൽ കഥ അവതരിപ്പിച്ചു. വിനയൻ പിലിക്കോട് കുട്ടിപ്പാട്ടുകൾ പാടി. കെ.എം. അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം രേഷ്ന, സ്കൂൾ മാനേജർ എ.പി.പി. കുഞ്ഞഹമ്മദ്, കെ.ആർ. ഹേമലത, പി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ചന്തേര വൈറ്റ് ഗാർഡ് നൽകുന്ന ഫോഗിങ് മെഷീൻ ചടങ്ങിൽ ഏറ്റുവാങ്ങി. നവാഗതർക്ക് സമ്മാനങ്ങളും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.