മലയിടിച്ചിൽ ഭീഷണിയിൽ വീരമലക്കുന്ന്
text_fieldsചെറുവത്തൂർ: മലയിടിച്ചിൽ ഭീഷണിയിൽ വീരമലക്കുന്ന്. കനത്തമഴയിൽ കുന്നിന്റെ നാലുഭാഗവും സ്ഥിരമായി ഇടിയുന്നുണ്ട്. ചെറിയ മഴ പെയ്താൽതന്നെ മണ്ണിടിച്ചിൽ ഇവിടെ പതിവാണ്. മഴക്കാലത്ത് മണ്ണൊലിച്ച് ദേശീയപാത ചളിക്കുളമാകുന്നതും ഗതാഗതതടസ്സവും പതിവാണ്. നൂറോളം കുടുംബങ്ങൾ വീരമലക്കുന്നിന്റെ താഴ്വാരത്തിൽ താമസിക്കുന്നുണ്ട്. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കനത്തഭീതിയിലാണ് ഇവിടെയുള്ളവർ.
അപൂർവ സസ്യജാലങ്ങളുടെയും ദേശാടനപക്ഷികളുടെയും സങ്കേതമായിരുന്നു ഇവിടം. എന്നാൽ, മണ്ണെടുപ്പിൽ നശിച്ചു. കുന്നിന്റെ കുറച്ചുഭാഗത്തെ മണ്ണ് മാത്രമേ എടുക്കുകയുള്ളൂവെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചവർ, കുന്നിന്റെ 70 ശതമാനവും ഇടിച്ചുനീക്കി. ഇതോടെ പ്രതീക്ഷയോടെ നാട്ടുകാർ കാത്തിരുന്ന വീരമല ടൂറിസം പദ്ധതിക്കും മരണമണി മുഴങ്ങി.
നീലേശ്വരം, ചെറുവത്തൂർ ദേശീയപാത നിർമാണത്തിനായാണ് കുന്നിടിച്ച മണ്ണ് ഭൂരിഭാഗവും ഉപയോഗിച്ചത്. കാര്യങ്കോട് പാലം, മയിച്ച പാലം എന്നിവയുടെ നിർമാണത്തിനും ഇവിടെനിന്ന് മണ്ണെടുത്തിരുന്നു. ദിവസേന ഇരുപതോളം ടിപ്പർ ലോറികളിലായി നൂറുകണക്കിന് ലോഡ് മണ്ണാണ് ഇവിടെനിന്ന് കൊണ്ടുപോകുന്നത്.
വീരമലയുടെ സാധ്യതകണ്ട് റോപ് വേ അടക്കം ടൂറിസ്റ്റ് കേന്ദ്രമാക്കാൻ സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ, നിലവിലെ വീരമലയുടെ മരണാവസ്ഥയിൽ ഇതെല്ലാം ഉപേക്ഷിച്ചമട്ടാണ്. വീരമലക്കുന്നിന്റെ നാശത്തിനൊപ്പം നാട്ടുകാർ മലയിടിച്ചിൽ ഭീഷണിയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.