കരമടക്കാൻ കൈക്കൂലി: വില്ലേജ് ഓഫിസറും അസിസ്റ്റൻറും പിടിയിൽ
text_fieldsചെറുവത്തൂർ: കരമടക്കാൻ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഒാഫിസറും വില്ലേജ് അസിസ്റ്റൻറും വിജിലൻസ് പിടിയിൽ. ചീമേനി വില്ലേജ് ഓഫിസർ കരിവെള്ളൂർ തെരുവിലെ എ.വി. സന്തോഷിനെയും വില്ലേജ് അസിസ്റ്റൻറ് കെ.സി. മഹേഷിനെയുമാണ് കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
കാസർകോട് മണ്ടച്ചംവയൽ സ്വദേശിനിയിൽനിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇവരുടെ കൈവശമുള്ള ചീമേനി വില്ലേജിലെ 51 സെൻറ് ഭൂമിക്ക് 2019 വരെ കരമൊടുക്കി വന്നിരുന്നു. 2019ൽ കമ്പ്യൂട്ടറൈസ്ഡ് ചെയ്തപ്പോൾ രേഖകൾ കൈമോശം വന്നതിനാൽ കരമടക്കാൻ കഴിഞ്ഞില്ല. വില്ലേജ് ഒാഫിസറെക്കണ്ട് പരാതി നൽകിയെങ്കിലും കാര്യമുണ്ടായില്ല.
കഴിഞ്ഞയാഴ്ചയെത്തിയ ഇവരോട് ഒന്നര ലക്ഷം രൂപ കൈക്കൂലി നൽകിയാൽ രേഖകളില്ലാതെ കരമടക്കാൻ അനുവദിക്കാമെന്ന് വില്ലേജ് ഒാഫിസർ പറഞ്ഞു. വലിയ 'ചർച്ച'കൾക്കൊടുവിൽ കൈക്കൂലി 25000ത്തിൽ ഉറപ്പിച്ചു. ഇക്കാര്യം പരാതിക്കാരി വിജിലൻസ് ഡിവൈ.എസ്.പിയെ അറിയിച്ചു. വെള്ളിയാഴ്ച മൂന്നരയോടെ വില്ലേജ് ഒാഫിസിലെത്തി ആദ്യ ഗഡുവായ 10000 രൂപ വില്ലേജ് അസിസ്റ്റൻറിനെ ഏൽപിച്ചയുടൻ ഇരുവരെയും വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
ഇൻസ്പെക്ടർ സിബി തോമസ്, സബ് ഇൻസ്പെക്ടർമാരായ പി.പി.മധു, ശശിധരൻപിള്ള, അസി. സബ് ഇൻസ്പെക്ടർമാരായ സതീശൻ, സുഭാഷ് ചന്ദ്രൻ, ശ്രീനിവാസൻ തുടങ്ങിയവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.