തലനരക്കുവതല്ലെന്റെ വൃദ്ധത്വം!
text_fieldsചെറുവത്തൂർ: തലനരച്ചാലെന്താ, നൃത്തത്തിൽ കസറി മുത്തശ്ശിമാർ. പ്രായത്തെ തോൽപoച്ച് യൗവനത്തിന്റെ ആവേശത്തോടെ പ്രതീക്ഷയുടെ ഓണനാളിൽ നൃത്തം വെച്ച് വൈറലായിരിക്കുകയാണ് കൊടക്കാട് വലിയ പൊയിലിലെ മുത്തശ്ശിമാർ.
ഗ്രാമവാസികൾ നടത്തിയ ഓണാഘോഷ പരിപാടിയിലാണ് വർഷങ്ങളോളം സുഹൃത്തുക്കളായ ടി. നാരായണി (76), എ.ഇ. രുഗ്മിണി (72), കെ. തമ്പായി (75) എന്നിവർ നൃത്തച്ചുവടുകളുമായി ജനകീയ ശ്രദ്ധ പിടിച്ചുപറ്റിയത്. ജോസഫ് സിനിമയിലെ‘പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത് ചെറു ഞാറുനടുന്നൊരുകാലത്തന്ന് ഓടി നടന്നൊരു പെണ്ണേ’ എന്ന ഗാനത്തിനാണ് നൃത്തം വെച്ചത്.
വലിയപൊയിൽ ഗ്രാമത്തിലെ കലാ പരിപാടികളിലെല്ലാം ഇവർ മൂവരും മടിയൊന്നും കൂടാതെ സജീവമായി പങ്കെടുക്കാറുണ്ട്. വേദിയിൽ നൃത്തം ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം ഏറെ വലുതാണെന്ന് ഇവർ പറയുന്നു.
നഷ്ടങ്ങളിൽ തളർന്നിരിക്കുന്നവർക്ക് വലിയ പൊയിലിലെ മുത്തശ്ശിമാർ മാതൃകയാണ്. തമ്പായി കുണ്ഡല പുരാണം സിനിമയിലൂടെ ബിഗ് സ്ക്രീനിൽ മുഖം കാണിച്ചു. നാട്ടിലെ വരും വേദികളിലും നൃത്തവുമായി ഇനിയും ഇവരുണ്ടാകും. മൂവർക്കും കുടുംബാംഗങ്ങൾ വലിയ പിന്തുണയാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.