ചീമേനിയിൽ മാലിന്യ പ്ലാന്റ് അനുവദിക്കില്ല -പരിസ്ഥിതി സമിതി
text_fieldsചെറുവത്തൂർ: ചീമേനിയിൽ മാലിന്യ പ്ലാന്റ് അടിച്ചേൽപിക്കാനുള്ള നീക്കത്തെ എന്തുവില കൊടുത്തും നേരിടുമെന്ന് ജില്ല പരിസ്ഥിതി സമിതി അറിയിച്ചു. എല്ല മാലിന്യങ്ങളും തള്ളാനുള്ള കുപ്പത്തൊട്ടിയാണ് കാസർകോടെന്ന ഭരണാധികാരികളുടെ ധാരണ തിരുത്തണം. കാൽ നൂറ്റാണ്ടുകാലം എൻഡോസൾഫാൻ വിഷംവിതച്ച ദുരിതങ്ങൾക്കു മുകളിൽ മറ്റൊരു ദുരന്തം കൂടി കെട്ടി വെക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്പിക്കാൻ ജില്ല തയ്യാറാവണം.
ഐ.ടി. പാർക്ക് അനുവദിക്കില്ല, എയിംസ് അനുവദിക്കില്ല, മെഡിക്കൽ കോളേജ് പൂർത്തിയാക്കില്ല, ഉന്നത വിദ്യാഭ്യാസ പദ്ധതികൾക്ക് ആലോചനയില്ല. എന്നാൽ മാലിന്യ പ്ലാൻറിന് അതീവ താല്പര്യം കാണിക്കുന്നതിെന്റ ഗൂഢാലോചന തിരിച്ചറിയണം. മുമ്പ് കൽക്കരി താപനിലയം ചീമേനിയിൽ സ്ഥാപിക്കാനുള്ള തീരുമാനത്തെ പിൻവലിപ്പിക്കാൻ സാധിച്ചത് ഒററക്കെട്ടായി നിന്നത് കൊണ്ടാണെന്ന് പരിസ്ഥിതി സമിതി വിലയിരുത്തി.
മാലിന്യ പ്ലാന്റിനെതിരെയും ജനകീയ പ്രതിരോധം ആവശ്യമാണ്. പാവപ്പെട്ട കാസർകോട്ടുകാരുടെ തലയിൽ എന്തും കെട്ടിവെക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് പരിസ്ഥിതി സമിതി മുന്നറിയിപ്പ് നൽകി. ചീമേനിയിൽ ഐ.ടി പാർക്ക് ഉടൻ സ്ഥാപിക്കുക, കേന്ദ്ര സർക്കാറിന്റെ നിർദിഷ്ട എയിംസ് കാസറകോട് സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ നൽകുക, മെഡിക്കൽ കോളജ് ഉടൻ പൂർത്തീകരിക്കുക തുടങ്ങിയ ജില്ലയുടെ അനിവാര്യമായ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാൻ തയ്യാറാവണമെന്ന് ജില്ല പരിസ്ഥിതി സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ.എം. ഗോപാലൻ, പി.വി. ജയരാജ്, സുകുമാരൻ പനയാൽ, പി. കൃഷ്ണൻ, പവിത്രൻ തോയമ്മൻ, കലാധരൻ നീലേശ്വരം, പി.യു. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.വി. രാജേന്ദ്രൻ സ്വാഗതവും രാമകൃഷ്ണൻ വാണിയമ്പാറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.