മഴ ചാറിയാൽ കളിക്കളം വെള്ളത്തിൽ
text_fieldsചെറുവത്തൂർ: മഴയൊന്ന് ചാറിയാൽ മാത്രം മതി. കാലിക്കടവ് മൈതാനം വെള്ളത്തിലാകും. വികസനത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച മൈതാനമാണ് ചെറു മഴയിൽതന്നെ വെള്ളത്തിനടിയിലാകുന്നത്. ജില്ലയിൽതന്നെ പ്രധാനമായ മൈതാനമാണ് അധികൃതരുടെ പിടിപ്പുകേടിൽ നാശോന്മുഖമായിത്തീർന്നത്.
വനിത കായികതാരങ്ങളെയടക്കം നിരവധി ദേശീയ, സംസ്ഥാന ഫുട്ബാൾ താരങ്ങളെ സംഭാവന ചെയ്ത മൈതാനമാണിത്. കൗമുദി ട്രോഫി ഫുട്ബാളടക്കം സംസ്ഥാനതലത്തിലുള്ള കായികമേളകൾ പലതവണ നടന്ന മൈതാനവും കൂടിയാണിത്. എന്നാൽ, മൈതാനത്തെ സംരക്ഷിക്കാൻ പഞ്ചായത്തധികൃതരടക്കം കാര്യമായ ഇടപെടലുകൾ നടത്തുന്നുമില്ല. വെള്ളക്കെട്ടായിട്ടും മറ്റ് വഴിയില്ലാത്തതിനാൽ നൂറുകണക്കിന് കായികതാരങ്ങൾ രാവിലെയും വൈകീട്ടുമായി ഇവിടെ പരിശീലനത്തിന് എത്തുന്നുമുണ്ട്.ദേശീയപാത വികസനത്തിന്റെ ഭാഗമായി മൈതാനത്തിന്റെ നല്ലൊരുഭാഗം നഷ്ടപ്പെട്ടു. ഇതോടെ 400 മീറ്റർ ട്രാക്കുമില്ലാതായി.
അതിനാൽ ജില്ല സ്കൂൾ കായികമേളയടക്കം ഈ മൈതാനത്തിന് നഷ്ടമായി. എം.എൽ.എ ഫണ്ടടക്കം ലഭിച്ച് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചിട്ടും ആസൂത്രണത്തിന്റെ അഭാവത്താൽ മൈതാനം നശിക്കുന്ന കാഴ്ചയാണ് കാലിക്കടവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.