ഹെഡ് ലൈറ്റ് ബുക്ക് ചെയ്ത യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം തട്ടി
text_fieldsകാഞ്ഞങ്ങാട്: ഹെഡ് ലൈറ്റ് ഓൺലൈൻ വഴി ബുക്ക് ചെയ്ത യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു ഒരു ലക്ഷം രൂപ അജ്ഞാത സംഘം തട്ടിയെടുത്തു. ബാരമാങ്ങാട് സ്വദേശി മുഹമ്മദ് ആഷിറിന്റെ (24) പണമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ആഴ്ചയാണ് ആഷിർ ഒരു ആപ് വഴി ഹെഡ് ലൈറ്റിന് ബുക്ക് ചെയ്തത്.
രണ്ടുദിവസത്തിനുശേഷം യുവാവിന് ഒരു ഫോൺ സന്ദേശം എത്തി. താങ്കൾ ബുക്ക് ചെയ്ത ഹെഡ് ലൈറ്റ് റെഡിയായിട്ടുണ്ടെന്നും സാങ്കേതിക പ്രശ്നം മൂലം കൊറിയറിൽ ഹെഡ് ലൈറ്റ് തടഞ്ഞു വെച്ചിരിക്കുകയായിരുന്നു എന്നുമാണ് ഹിന്ദി ഭാഷയിൽ സംസാരിക്കുന്ന ആൾ യുവാവിനെ അറിയിച്ചത്.
പ്രശ്നം പരിഹരിക്കാൻ ഗൂഗിൾ പേ വഴി അഞ്ചു രൂപ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അജ്ഞാതൻ ആവശ്യപ്പെട്ട പ്രകാരം ആഷിർ ഗൂഗിൾ പേ വഴി അഞ്ച് രൂപ അയച്ചുകൊടുത്തു . ആഷിറിന്റെ വാട്സ് ആപ് നമ്പറിലേക്ക് ഒരു ലിങ്ക് എത്തുകയും ഇത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. സംശയം ഒന്നും തോന്നാതിരുന്ന യുവാവ് അജ്ഞാതൻ അയച്ചുകൊടുത്ത ലിങ്ക് ഇൻസ്റ്റാൾ ചെയ്തു. പിന്നാലെ മെസേജ് ആയി ഒ.ടി.പി നമ്പർ എത്തുകയും ചെയ്തു.
അജ്ഞാതൻ ഈ ഒ.ടി.പി നമ്പർ ആവശ്യപ്പെട്ട പ്രകാരം നൽകി പിന്നാലെയാണ് ഉദുമ ബറോഡ ബാങ്കിലെ അക്കൗണ്ടിൽ നിന്നും 99,999 രൂപ യുവാവിന് നഷ്ടപ്പെട്ടത്. ഉടൻതന്നെ ബാങ്ക് അധികൃതമായി ബന്ധപ്പെട്ടെങ്കിലും ഇതിനോടകം യുവാവിന്റെ പണം അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു.
പെയിൻറിങ് തൊഴിലാളിയായ യുവാവ് ബാങ്കിൽ നിന്നും ലോണെടുത്ത് അക്കൗണ്ടിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്. യുവാവ് ഓർഡർ ചെയ്ത ഹെഡ് ലൈറ്റ് പിറ്റേദിവസം ലഭിക്കുകയും ചെയ്തു. സൈബർ സെല്ലിലും മേൽപറമ്പ പൊലീസിലും പരാതി നൽകി. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഹാക്കർമാർ പണം തട്ടിയതായാണ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.