വെള്ളത്തിലായത് ഒരു ലക്ഷം വാഴകൾ; പുഴയിലെ ബണ്ട് പൊളിച്ചുനീക്കും
text_fieldsകാഞ്ഞങ്ങാട്: ഒരു ലക്ഷം വാഴകൾ വെള്ളത്തിലായ കര്‍ഷകരുടെ പ്രശ്നത്തിന് എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികൾ ഇടപെട്ടതോടെ പരിഹാരം. മടിക്കൈ മുട്ടോർക്ക, അരയി പ്രദേശത്തെ വാഴ കർഷകരാണ് വെള്ളം കയറിയതിനെ തുടർന്ന് വലിയ പ്രയാസത്തിലായിരുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഒരു ലക്ഷത്തിലധികം വരുന്ന വാഴകൃഷി വെള്ളത്തിലായത്.
വിഷയം കര്‍ഷക സംഘം ദേശീയപാത കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍ എൻജിനീയര്‍മാരുടെ ശ്രദ്ധയിൽപെടുത്തി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണന് വെള്ളം കയറിയ വാഴകൃഷിയിടങ്ങൾ സന്ദര്‍ശിച്ചു. കര്‍ഷകരുടെ പ്രശ്നം മനസ്സിലാക്കിയതിനെ തുടര്‍ന്ന് മേഘ കമ്പനിയുമായി അദ്ദേഹവും ചർച്ച നടത്തിയിരുന്നു. ജനപ്രതിനിധികളടക്കം ഇടപെട്ടതോടെ നിർമാണ കമ്പനി, പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സം വരുത്തുന്ന ബണ്ട് പൊളിക്കാനുള്ള നടപടി സ്വീകരിച്ചു.
പ്രദേശം സന്ദര്‍ശിച്ചു
കാഞ്ഞങ്ങാട്: വെള്ളക്കെട്ടിനെ തുടർന്ന് വാഴകൃഷി നശിച്ച കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ അരയി പ്രദേശങ്ങള്‍ ഇ. ചന്ദ്രശേഖരൻ എം.എൽ.എ, കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവർ സന്ദര്‍ശിച്ചു. കൃഷിനാശത്തെ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ പി. രാഘവേന്ദ്രക്ക് കലക്ടര്‍ നിര്‍ദേശം നല്കി. വാഴകൃഷി മധുരക്കിഴങ്ങ് കൃഷി തുടങ്ങിയവയാണ് നശിച്ചത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം പുഴയില്‍ മണ്ണിട്ടടച്ചപ്പോഴാണ് ഈ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് എന്നാണ് പരാതി. അരയി വെള്ളരിക്കണ്ടം, കോടാളി, വിരിപ്പുവയല്‍, ചിറക്കാല്‍, കാര്‍ത്തിക വയല്‍ തുടങ്ങി പനങ്കാവുവരെ നീളുന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കയറിയത്. ഒരു ലക്ഷത്തിലധികം വാഴത്തൈകൾ നശിച്ചു നഷ്ടമുണ്ടായതായി കര്‍ഷകര്‍ കലക്ടറോട് പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത, കൗണ്‍സിലര്‍ കെ.വി. മായാകുമാരി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻമാരായ കെ.വി. സരസ്വതി, കെ. ലത, കര്‍ഷക പ്രതിനിധി പി.പി. രാജു തുടങ്ങിയവര്‍ കാര്യങ്ങൾ വിശദീകരിച്ചു.
പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചര്‍ ഓഫിസര്‍ പി. രാഘവേന്ദ്ര, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സ്മിത നന്ദിനി, കാഞ്ഞങ്ങാട് കൃഷി ഫീൽഡ് അസി. കെ. മുരളീധരൻ, കാഞ്ഞങ്ങാട് വില്ലേജ് ഓഫിസര്‍ കെ. രാജൻ തുടങ്ങിയവര്‍ കലക്ടറോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.