സംസ്ഥാനത്ത് 50 പുതിയ മാവേലി സ്റ്റോറുകൾ
text_fieldsകാഞ്ഞങ്ങാട്: സപ്ലൈകോയുടെ അമ്പതാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്ത് പുതിയ 50 മാവേലി സ്റ്റോറുകൾ കൂടി ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. ശനിയാഴ്ച പുതുക്കൈ ചേടി റോഡ് മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അവശ്യസാധനങ്ങൾ കുറഞ്ഞനിരക്കിൽ സപ്ലൈകോ ലഭ്യമാക്കുന്നതിലൂടെ പൊതുമാർക്കറ്റിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് സപ്ലൈകോയുടെ പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ സപ്ലൈകോയുടെ വിൽപനയെ ബാധിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞമാസം മാത്രം 83.5 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോ കടകളിൽനിന്ന് അവശ്യസാധനങ്ങൾ വാങ്ങിയത്. കഴിഞ്ഞ എട്ടു വർഷമായി വില വർധിപ്പിക്കാതെ 13 ഇനം അവശ്യസാധനങ്ങൾ വിൽപന നടത്തിയതിലൂടെ സപ്ലൈകോക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു.
ഇത് പരിഹരിക്കാൻ സർക്കാർ ഊർജിതമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെല്ല് സംഭരിച്ചവകയിൽ 1090 കോടി രൂപ കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കാനുണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതൽ വില നൽകി നെല്ല് സംഭരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരിച്ചവകയിൽ കഴിഞ്ഞവർഷം വരെയുള്ള മുഴുവൻ തുകയും കൊടുത്തുതീർത്തു. അവശേഷിക്കുന്ന കുടിശ്ശികവിതരണം ആരംഭിച്ചിട്ടുണ്ട്.
വരുന്ന ഓണത്തിന് റേഷൻകടകളിലൂടെ 10 കിലോ വീതം അരി നൽകുന്നതിനാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കുന്നതിന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രിയെ ഉടൻ സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. 99ാമത് മാവേലി സ്റ്റോറാണ് ചേടി റോഡിൽ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ മൂന്നു വർഷത്തിനകം 99 സപ്ലൈകോ കടകൾ സംസ്ഥാനത്ത് ആരംഭിച്ചു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ആദ്യവിൽപന കെ.വി. അമ്പുഞ്ഞിക്ക് നൽകി നിർവഹിച്ചു. ബിൽടെക് അബ്ദുല്ല, കെ.വി. പ്രഭാവതി, എൻ.വി. രാജൻ, പള്ളിക്കൈ രാധാകൃഷ്ണൻ, പി.വി. മോഹനൻ, കെ. രവീന്ദ്രൻ, അഡ്വ. കെ. രാജ്മോഹൻ, കെ.പി. ബാലകൃഷ്ണൻ, സി.കെ. ബാബുരാജ്, അബ്ദുറസാക്ക് തായലക്കണ്ടി, കെ.പി. ടോമി, അഡ്വ. നിസാം, വി. വെങ്കിടേഷ്, പി. പത്മനാഭൻ, പനങ്കാവ് കൃഷ്ണൻ, ഉദിനൂർ സുകുമാരൻ, പ്രമോദ് കരുവളം, പി.കെ. നാസർ, രതീഷ് പുതിയപുരയിൽ, സുരേഷ് പുതിയേടത്ത്, ആന്‍റക്സ് ജോസഫ് എന്നിവർ സംസാരിച്ചു. സപ്ലൈകോ റീജനൽ മാനേജർ പി.സി. അനൂപ് സ്വാഗതവും ജില്ല സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദു നന്ദിയും പറഞ്ഞു.
'കെ-സ്റ്റോർ: ജില്ലയിൽ വിപുലമാക്കും'
കാഞ്ഞങ്ങാട്: കെ-സ്റ്റോറിന്റെ പ്രവർത്തനം ജില്ലയിൽ വിപുലമാക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ. നിലവിൽ 12 സ്റ്റോറുകളാണ് പ്രവർത്തിക്കുന്നത്. ഓണത്തിന് മുമ്പായി 30 കെ-സ്റ്റോറുകൾ വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റേഷൻ ഷോപ്പുകളോട് ചേർന്നാണ് കെ-സ്റ്റോർ പ്രവർത്തിക്കുക. ഗ്യാസ് സിലിണ്ടർ, സാമ്പത്തിക ഇടപാട് സംവിധാനങ്ങൾ ഉൾപ്പെടെ ഒരുക്കിയാണ് സജ്ജമാക്കുന്നത്. സപ്ലൈകോ ഉൽപന്നങ്ങൾക്ക് പുറമേ വ്യവസായ വകുപ്പിന് കീഴിലുള്ള ചെറുകിട വ്യവസായ സംരംഭകരുടെ ഉൽപന്നങ്ങൾ, കുടുംബശ്രീ ഉൽപന്നങ്ങൾ, കാർഷികോൽപന്നങ്ങൾ എന്നിവ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കും. കാഞ്ഞങ്ങാട് പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ജില്ലയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും കെ-സ്റ്റോർ റേഷൻ ലൈസൻസിമാരുടെയും അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.