70 ലക്ഷത്തിന്റെ തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsകാഞ്ഞങ്ങാട്: കെ.എസ്.എഫ്.ഇ മാലക്കല്ല് ശാഖയിൽ വ്യാജ ആധാരങ്ങൾ പണയപ്പെടുത്തി 70 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കെ.എസ്.എഫ്.ഇ മാലക്കല്ല് ശാഖ മാനേജർ ദിവ്യയുടെ പരാതിയിൽ രാജപുരം പൊലീസ് രജിസ്റ്റർചെയ്ത വഞ്ചനാക്കേസിൽ യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി പി. ഇസ്മയിൽ ചി ത്താരിയെയാണ് ഹോസ്ദുർഗ് കോടതി രാജപുരം പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ കിട്ടിയ ഇസ്മയിലിനെ ചോദ്യം ചെയ്ത് പൊലീസ് മൊഴി രേഖപ്പെടുത്തി. തട്ടിപ്പ് നടന്ന മാലക്കല്ലിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പിന് വിധേയമാക്കി. കെ.എസ്.എഫ്.ഇ മാലക്കല്ല് ശാഖയിലെ വിവിധ ചിട്ടികളിൽ നിന്നായി 70 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ഇസ്മയിലിനെതിരെയുള്ള കേസ്. ഇസ്മയിലടക്കം എട്ടുപേർ കേസിൽ പ്രതികളാണ്. മേയ് മാസത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇസ്മയിൽ ചിത്താരിയടക്കം ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു.
കോടതി ജാമ്യം നിഷേധിച്ച് പൊലീസിൽ ഹാജരാകാൻ നിർദേശിച്ചതിനെ തുടർന്ന് കീഴടങ്ങുകയായിരുന്നു. തുടർന്ന് ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാൻഡ് ചെയ്തു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നടന്ന പരിശോധനയിൽ ഈടുവെച്ച ആധാരങ്ങൾ വ്യാജമാണെന്ന് കണ്ടെത്തി.
കേസിലെ മറ്റ് പ്രതികളിൽ ഭൂരിഭാഗം പേരും വിദേശത്താണ്. 10 ദിവസത്തിനകം പൊലീസിൽ ഹാജരാകാൻ മുഴുവൻ പ്രതികളോടും ഹൈകോടതി ആവശ്യപ്പെട്ടിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ പ്രതികൾ കീഴടങ്ങിയില്ലെങ്കിൽ ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കാനാണ് പൊലീസ് തീരുമാനം. തെളിവെടുപ്പ് പൂർത്തിയാക്കിയ ഇസ്മയിലിനെ വീണ്ടും കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.