വളാപ്പാടിക്ക് പാലമായി ഇനി വേണ്ടത് ബസ്
text_fieldsകാഞ്ഞങ്ങാട്: കാത്തിരിപ്പിനൊടുവിൽ ചെമ്മട്ടംവയൽ -കാലിച്ചാനടുക്കം റോഡിലെ വളാപ്പാടി പാലം തുറക്കുന്നു. പഴയ ഇടുങ്ങിയ പാലം പൊളിച്ച് പുതിയ പാലത്തിന്റെ പണി തുടങ്ങിയത് മാർച്ചിലാണ്.
കോൺക്രീറ്റ് ചെയ്ത് കഴിഞ്ഞതോടെ ഇനി വശങ്ങളിൽ മണ്ണിട്ട് ഉയർത്തി ജില്ലി നിരത്തിയാൽ വാഹനങ്ങളെ കടത്തിവിടാം. ഈ മാസംതന്നെ പാലം തുറക്കുമെങ്കിലും മഴയായതിനാൽ ടാറിങ് വൈകുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ പറഞ്ഞു.
5.5 മീറ്റർ ഉയരത്തിലുള്ള പാലത്തിന്റെ നടുവിൽ ഒരു തൂണും ഇരുഭാഗത്തും സൈഡ് വാളുമാണ്. ആറ് മീറ്റർ വീതമുള്ള രണ്ട് സ്പാനുകളുണ്ട്. കൈവരിയടക്കം 8.5 മീറ്ററാണ് വീതി. ഒന്നര കോടി ചെലവിട്ടാണ് പാലം പണിതത്. 18.7 കിലോ മീറ്റർ പാതയിൽ ഇനി ചെമ്മട്ടംവയലിന് താഴെയുള്ള വയൽ ഭാഗത്താണ് മെക്കാഡം ചെയ്യാൻ ബാക്കിയുള്ളത്. ഇവിടെ 4.5 കോടി ചെലവിട്ടുള്ള നവീകരണത്തിന് എസ്റ്റിമേറ്റ് കൊടുത്തിട്ടുണ്ട്. 10 മീറ്റർ വീതിയിൽ നാല് മീറ്റർ ഉയർത്തി അധികമായി രണ്ട് പൈപ്പ് കൽവർട്ട് കൂടി ചേർക്കുന്നതോടെ ഏതുമഴയിലും ഗതാഗതം സാധ്യമാകും. ഇതിനായി സ്ഥലം ഉടമകളുടെ സമ്മതപത്രം കിട്ടണം. എങ്കിൽ അടുത്ത മാർച്ചിൽ പണി തുടങ്ങി മഴക്ക് മുമ്പ് ഗതാഗതം സാധ്യമാകും. മടിക്കൈ വഴി മലയോരത്തേക്കുള്ള പ്രധാനപാതയാണിത്. ഇതുവഴി കാഞ്ഞങ്ങാടുനിന്ന് ജില്ല ആശുപത്രി, മുണ്ടോട്ട്, കാഞ്ഞിരപ്പൊയിൽ, എണ്ണപ്പാറ, തായന്നൂർ, അടുക്കം, പരപ്പ, വെള്ളരിക്കുണ്ട്, കൊന്നക്കാട് റൂട്ടിൽ ബസ് സർവിസ് തുടങ്ങണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കാഞ്ഞങ്ങാടുനിന്ന് നിലവിൽ കാഞ്ഞിരപ്പൊയിലിന് അപ്പുറത്തേക്ക് ബസുകൾ ഓടുന്നില്ല. രണ്ടര കിലോമീറ്റർ അപ്പുറത്തുള്ള ആനക്കുഴിയിൽനിന്ന് ഒരു മണിക്കൂർ സമയമെടുത്താണ് ഏഴാംമൈൽ വഴി കാഞ്ഞങ്ങാട് എത്തുന്നത്.
മടിക്കൈ വഴി ബസ് സർവിസുണ്ടായാൽ 12 രൂപയോളം ടിക്കറ്റ് നിരക്ക് ലാഭിക്കാം. 35 മിനിട്ട് കൊണ്ട് നഗരത്തിലെത്തുകയും ചെയ്യാം. കോടോം ബേളൂർ പഞ്ചായത്ത് വെള്ളരിക്കുണ്ട് താലൂക്കിലായതോടെ എണ്ണപ്പാറ, തായന്നൂർ മുതൽ കാലിച്ചാനടുക്കം ഭാഗത്തുള്ളവർക്ക് കിഴക്കുഭാഗത്തേക്ക് പോകാനും ഇതേദുരിതമുണ്ട്.
ഇപ്പോൾ പല ബസുകൾ കയറി ഏഴാംമൈൽ, ഒടയംചാൽ ചുറ്റിയോ അടുക്കംവഴി ഇടത്തോട് പോയോ ആണ് താലൂക്ക് ആസ്ഥാനത്ത് എത്തുന്നത്. നേരിട്ട് ബസ് സർവിസ് ഉണ്ടായിരുന്നെങ്കിൽ സമയവും പണവും ലാഭിക്കാമെന്ന് നാട്ടുകാർ പറയുന്നു.
മലയോരത്തുള്ളവർക്ക് ജില്ല ആശുപത്രിയിലേക്കും അമ്മയും കുഞ്ഞും ആശുപത്രിയിലെത്താനും ഒരു ബസിൽ കയറിയാൽ മതിയാവും.
റോഡ് മെക്കാഡം ചെയ്തതോടെ ഇന്ധന ചെലവും തേയ്മാനവും കുറയുന്നതിനാൽ സ്വകാര്യ ബസ് ഉടമകളെങ്കിലും ഓരോ മണിക്കൂർ ഇടവേളയിൽ ഈ റൂട്ടിൽ സർവീസ് തുടങ്ങണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.