ഫിഷ് ഫാർമേഴ്സ് കമ്പനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു
text_fieldsകാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസർ കമ്പനി ഉടമകൾക്കെതിരെ കാഞ്ഞങ്ങാട്ട് ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പനയാൽ നെല്ലിയടുക്കത്തെ ശിവപ്രകാശയുടെ (49) പരാതിയിൽ കമ്പനി ഉടമകളായ ആലക്കോട് തേർത്തല്ലിയിലെ രാഹുൽ ചക്രപാണി, സിന്ധു ചക്രപാണി എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. പരാതിക്കാരന്റെ ഭാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജന്റായിരുന്നു.
കൂടുതൽ പലിശ നൽകാമെന്നും ഭാര്യക്ക് കൂടുതൽ ശമ്പളം നൽകാമെന്നും വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷത്തി നാൽപതിനായിരം രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. നാലു തവണകളിലായിട്ടായിരുന്നു പണം നൽകിയത്. സ്ഥാപനത്തിൽ പണം നിക്ഷേപിച്ച കാഞ്ഞങ്ങാട് നഗരത്തിലെ നൂറുകണക്കിന് പേർ സംഘടിച്ച് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
ഇടപാടുകാരെ വഞ്ചിച്ചതിന് കമ്പനി ഡയറക്ടർ രാഹുൽ ചക്രപാണി കാസർകോട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതറിഞ്ഞതോടെയാണ് കാഞ്ഞങ്ങാട്ടെ ഇടപാടുകാർ സംഘടിച്ചത്. നോർത്ത് കോട്ടച്ചേരിയിലെ സ്ഥാപനം ആഴ്ചകളായി അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.