ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ കാഴ്ച നഷ്ടപ്പെട്ട കേസ്; ആർ.ഡി.ഒയുടെ ജപ്തി ചെയ്ത മഹീന്ദ്ര സ്കോർപ്പിയോ ഇന്ന് കോടതിയിൽ
text_fieldsകാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട കേസിൽ ജപ്തി ചെയ്ത കാഞ്ഞങ്ങാട് ആർ.ഡി.ഒയുടെ മഹീന്ദ്ര സ്കോർപ്പിയോ ബുധനാഴ്ച വീണ്ടും കോടതിയിലെത്തും. മോട്ടോർ വാഹന വകുപ്പ് ആറ് ലക്ഷം രൂപയാണ് ഈ വാഹനത്തിന് കണക്കാക്കുന്നത്. നഷ്ടപരിഹാരത്തുക ഈടാക്കാൻ വാഹനം ലേലത്തിന് വെക്കാനുള്ള നടപടി ക്രമങ്ങളാണ് ബുധനാഴ്ച പരിഗണിക്കുക.
വാഹനം വിൽപന നടത്താതിരിക്കാൻ തടസ്സ ഹരജി നൽകാൻ സാധ്യതയുണ്ട്. ഈ കേസിൽ നേരത്തെ ആരോഗ്യവകുപ്പിന്റെ ജീപ്പ് ജപ്തി ചെയ്തിരുന്നു. എന്നാൽ, കട്ടപ്പുറത്തായ ജീപ്പ് വേണ്ടെന്ന ഹർജിക്കാരിയുടെ വാദം അംഗീകരിച്ചാണ് മറ്റൊരു സർക്കാർ വാഹനമായ ആർ.ഡി.ഒയുടെ ജീപ്പ് ജപ്തി ചെയ്യാൻ ഹോസ് ദുർഗ് സബ് ജഡ്ജ് എം.സി. ബിജു ഉത്തരവിട്ടത്. ചെറുവത്തൂർ കാടങ്കോട്ടെ മല്ലക്കര കമലാക്ഷിയാണ് ഹർജിക്കാരി. 1995 ലാണ് കമലാക്ഷിയുടെ ഇടതുകണ്ണിന് ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്.
തുടർന്ന് ഈ കണ്ണിൻെറ കാഴ്ച നഷ്ടപ്പെട്ടു. കാഴ്ച നഷ്ടപ്പെട്ടത് ശസ്ത്രക്രിയയിലെ പിഴവാണെന്ന് കാണിച്ച് കമലാക്ഷി സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. 1999 ൽ ഫയൽ ചെയ്ത കേസിൽ 2018 ലായിരുന്നു വിധി. 2.30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനായിരുന്നു കോടതി ഉത്തരവിട്ടത്. ഒരു വർഷം കഴിഞ്ഞും വധി നടപ്പാക്കിയില്ലെന്നു കാണിച്ച് 2019ൽ കമലാക്ഷി വീണ്ടും കോടതിയെ സമീപിച്ചു.
തുടർന്ന് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ജില്ല ആശുപത്രിയിലെ വാൻ ആണ് ഹോസ്ദുർഗ് സബ് കോടതിയിൽ ഈടായി നൽകിയിരുന്നത്. അപ്പീൽ കഴിഞ്ഞ വർഷം ഹൈകോടതി തള്ളിയതോടെ ഈട് നൽകിയ ജീപ്പ് കഴിഞ്ഞ മാസം ജപ്തി ചെയ്തത്. പലിശയടക്കം നഷ്ടപരിഹാരത്തുക എട്ടു ലക്ഷത്തോളം കമലാക്ഷിക്ക് നൽകണം. പഴയ ജീപ്പിന് 30,000 രൂപയും ഇപ്പോഴത്തെ വാഹനത്തിന് ആറുലക്ഷവുമാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.