വ്യാജരേഖകളുമായി മൂന്നംഗസംഘം പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: വ്യാജരേഖകളും പാസ്പോർട്ടുകളും സീലുകളുമായി കാറിൽ സഞ്ചരിക്കുന്നതിനിടെ മൂന്നംഗ സംഘം പൊലീസ് പിടിയിൽ.തൃക്കരിപ്പൂർ പുതിയകണ്ടത്തെ എം.എ. അഹമ്മദ് അബ്രാർ (26), തൃക്കരിപ്പൂർ ജുമാമസ്ജിദിന് സമീപത്തെ എം.എ. സാബിത്ത് (25), പടന്നക്കാട് കരുവളം ഇ.എം.എസ് ക്ലബിന് സമീപത്തെ ഫാത്തിമ മൻസിലിൽ കെ.വി. മുഹമ്മദ് സഫ്വാൻ (25) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി 10ഓടെ ബന്തടുക്ക കണ്ണാടിത്തോട് വെച്ച് സംഘം ബേഡകം പൊലീസിന്റെ പിടിയിലാവുകയായിരുന്നു. കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ വാഹനപരിശോധനക്കിടെയാണ് പിടികൂടിയത്. സൗത്ത് കൊറിയൻ വിസക്ക് ആവശ്യമായ രേഖകൾ പ്രതികൾ നിർമിച്ചതായി കണ്ടെത്തി. നിരവധി ഡോക്ടർമാരുടെയും വിവിധ ബാങ്ക്, കോളജുകളുടേതുൾപ്പെടെ വ്യാജ സീലുകൾ പിടികൂടിയവയിലുണ്ട്. ഇവ ഉപയോഗിച്ച് നിർമിച്ച വ്യാജരേഖകളും മൂന്ന് പാസ്പോർട്ടുകളും കണ്ടെത്തി. കാറിൽനിന്ന് ലാപ്ടോപ് കണ്ടെടുത്തു. ഫോണുകളും പിടിച്ചെടുത്തു. 35ഓളം സീലുകളാണ് പിടികൂടിയത്.
കണ്ണൂർ, കാസർകോട്, ബംഗളൂരു, മംഗളൂരു ഭാഗത്തെ വിവിധ സ്ഥാപനങ്ങളിലേക്കാവശ്യമായ രേഖകളും സീലും കണ്ടെടുത്തവയിൽ ഉൾപ്പെടുന്നു.
ഫർസീൻപതാമാടെ പുരയിൽ, സൗമ്യ സൈമൺ, അമൽ കളപ്പുര പറമ്പിൽ എന്നിവരുടെ പേരിലുള്ള ഇന്ത്യൻ പാസ്പോർട്ടുകളാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. മൊബൈൽ ഫോണുകൾ, ആപ്പിൾ കമ്പനിയുടെ ലാപ്ടോപ്പുകൾക്ക് പുറമെ ഇന്ത്യൻ ഓവർസീസ് ബാങ്ക് ആലുവ ശാഖ, ഫെഡറൽ ബാങ്ക് അങ്കമാലി ശാഖ, സൗത്ത് ഇന്ത്യൻ ബാങ്ക് തൃക്കരിപ്പൂർ ശാഖ എന്നിവയുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വ്യാജസീലുകളും പിടിച്ചെടുത്ത വയിൽപെടുന്നു.
ബംഗളൂരു സൗത്ത് ഇന്ത്യൻ ബാങ്ക്, ബംഗളൂരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രി എന്നിവയുടെ വ്യാജ ലെറ്റർ പാഡുകളും എം.ഇ.എസ് കോളജിന്റെ എൻ.ഒ.സി തുടങ്ങി നിരവധി സർട്ടിഫിക്കറ്റുകളും പ്രതികളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കർണാടകയിൽനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു കാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.