അജ്ഞാത മൃതദേഹങ്ങളോട് കരുണ കാണിച്ച് ഒരു കൂട്ടം യുവാക്കൾ
text_fieldsകാഞ്ഞങ്ങാട്: ഉറ്റവർ അടുത്തില്ലാതെ അനാഥരാക്കപ്പെട്ട മൃതദേഹങ്ങളോട് അനുകമ്പ കാട്ടി ഒരു കൂട്ടം ചെറുപ്പക്കാർ. പള്ളിക്കര പള്ളിപ്പുഴയിലെ മുനീർ, ബദറുദ്ദീൻ, ആറങ്ങാടിയിലെ ഷംസുദ്ദീൻ, പാണത്തൂരിലെ റഹ്മാൻ എന്നിവരടങ്ങുന്ന ടീം ഇന്ന് നാടിനെ ചേർത്തുപിടിക്കുന്ന സംഘമാണ്. നിരവധി മൃതദേഹങ്ങൾ ഏറ്റെടുത്ത് അന്ത്യകർമങ്ങൾ നടത്തി സംസ്കരിച്ച് മാതൃകയാവുകയാണിവർ.
ഏറ്റവുമൊടുവിൽ നീലേശ്വരം റെയിൽവെ ട്രാക്കിനടുത്ത് കാണപ്പെട്ട മൃതദേഹം പൊലീസിൽനിന്നും ഏറ്റെടുത്ത് സംസ്കരിച്ചു. കഴിഞ്ഞയാഴ്ച നീലേശ്വരത്ത് റെയിൽ പാളത്തിൽ കണ്ട അജ്ഞാത മൃതദേഹം ഏറ്റെടുത്ത് അന്തിമ കർമങ്ങൾ നടത്തി മറവുചെയ്തതോടെ പല കോണുകളിൽനിന്നും അഭിനന്ദനങ്ങളുണ്ടായി. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഏറ്റുവാങ്ങിയ മൃതദേഹം തോയമ്മൽ മസ്ജിദ് ഖബർസ്ഥാനിലാണ് മറവ് ചെയ്തത്.
നാട്ടുകാരുടെ സഹായത്തോടെ ഇവർ തന്നെയാണ് ഖബർ കുഴിച്ചത്. ഇത്തരത്തിൽ നിരവധി മൃതദേഹങ്ങൾ ഇതിനോടകം ഇവർ ഏറ്റെടുത്ത് മറവ് ചെയ്തിട്ടുണ്ട്. പുണ്യ പ്രവൃത്തിയായി മാത്രം കണ്ടുകൊണ്ട് മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ചുള്ള യുവാക്കളുടെ ഈ സദ്വൃത്തി അധികൃതർക്കും ആശ്വാസമാവുകയാണ്.
കാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ആംബുലൻസും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സർവിസ് തുടങ്ങിയത്.
ആംബുലൻസ് ഷോറൂം പ്രതിനിധിയിൽ നിന്ന് ട്രസ്റ്റ് രക്ഷാധികാരികളായ പി. അബ്ദു റഹ്മാൻ ഹാജി, കെ.പി. ഇബ്രാഹിം, എം. അബൂബക്കർ, ട്രഷറർ എച്ച്.എ. അബ്ദുൽ കരീം, വർക്കിങ് ചെയർമാൻ ഷംസുദ്ദീൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ലത്തീഫ് അടുക്കം, ടീം വൈ.വി.പി അംഗം റഹ്മാൻ പാണത്തൂർ എന്നിവർ ഏറ്റുവാങ്ങി.
മാതൃകാ പ്രവർത്തനം തുടരുമെന്ന് യുവാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.